വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നരക്കോടിയുടെ 'ഫൈവ് സ്റ്റാര്‍' അടുക്കള!

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരത്തോളം തടവുകാരുണ്ട്. ഇവര്‍ക്കു മൂന്നു നേരം ഭക്ഷണം ഉണ്ടാക്കണം. ആയിരം പേര്‍ക്കു ഭക്ഷണമെന്ന് പറഞ്ഞാല്‍ നാട്ടില്‍ രണ്ടു വിരുന്നിനുള്ള വിഭവം. ജയിലില്‍ ഭക്ഷണം ഉണ്ടാക്കുകയെന്നു പറഞ്ഞാല്‍ കല്യാണ വീടു പോലെയാണെന്ന് ചുരുക്കം. ചുരുങ്ങിയത് മുപ്പത്തിയഞ്ചു പേര്‍ രാവും പകലും അധ്വാനിക്കണം. നാല്‍പതും അന്‍പതും കിലോ പച്ചക്കറി അരിയാന്‍തന്നെ മണിക്കൂറുകള്‍ വേണം. പ്രഭാത ഭക്ഷണം ഒരുക്കാന്‍ അര്‍ധരാത്രി മുതല്‍ അടുക്കളയില്‍ കയറണം.
അതൊക്കെ പണ്ടായിരുന്നു. ഇപ്പോള്‍ കാലം മാറി. പുതിയ പുതിയ മെഷീനുകള്‍ അടുക്കളകളില്‍ സ്ഥാനം പിടിച്ചു. ഹൈടെക് അടുക്കളയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഒന്നരക്കോടി രൂപ ചെലവിട്ടാണ് ഫൈവ് സ്റ്റാര്‍ അടുക്കള നിര്‍മിച്ചത്. അടുക്കളയില്‍ നിന്ന് ഭക്ഷണം സെല്ലുകളിലേക്ക് കൊണ്ടുപോകാന്‍ ബാറ്ററിയില്‍ ഓടുന്ന ചെറിയ വാഹനവുമുണ്ട്. വലിയ മുളവടിയില്‍ പാത്രങ്ങള്‍ തൂക്കി പോകേണ്ട. ഒരു ദിവസം ബാറ്ററി ചാര്‍ജ് ചെയ്താല്‍ അന്‍പതു കിലോമീറ്റര്‍ വരെ ഓടും ഈ വാഹനം.
അന്‍പതു കിലോ പച്ചക്കറി കൈ കൊണ്ട് അരിയാന്‍ നാലു മണിക്കൂറെങ്കിലും വേണം. പുതിയ മെഷീനില്‍ പത്തു മിനിറ്റു മതി. തേങ്ങ ചിരകാനും പ്രത്യേക മെഷീന്‍. നൂറും നൂറ്റിയന്‍പതും തേങ്ങ ചിരകാന്‍ അരമണിക്കൂര്‍ മതി. ഇനി പാത്രം കഴുകാനും പുതിയ സംവിധാനം. നല്ല ശക്തിയില്‍ വെള്ളം ഇരച്ചെത്തി പാത്രങ്ങള്‍ ഒറ്റയടിക്ക് കഴുകും. ഈ വെള്ളം വീണ്ടും റീ സൈക്കിള്‍ ചെയ്‌തെത്തും. അതിനായി, ജലശുദ്ധീകരണ സംവിധാനം. പാചകം ചെയ്യാന്‍ പാചകവാതകത്തിന്റെ കേന്ദ്രീകൃത സംവിധാനം. പ്രത്യേക സ്റ്റീം കടത്തി വിട്ട് ചോറുണ്ടാക്കാനും അരമണിക്കൂര്‍ മതി. ജയിലിലെ അടുക്കള കണ്ടാല്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ അടുക്കളയാണെന്നേ തോന്നൂ. തടവുകാര്‍ തലമുടി മറച്ചാണ് അടുക്കളയില്‍ കയറുന്നതു പോലും.
തടവുകാരുടെ തുണികളും വലിയ പുതപ്പുകളും അലക്കുന്നത്് വലിയ അദ്ധ്വാനം ഉള്ള പണിയായിരുന്നു. നിലത്തു വിരിക്കുന്ന കമ്പിളി പുതപ്പുതന്നെ ഒരു കിലോ വരും. തുണിയലക്കാന്‍ മെഷീന്‍ വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. രണ്ടു ദിവസമെടുക്കുന്ന തുണിയലക്കല്‍ അര ദിവസം കൊണ്ടു തീരും. ആശുപത്രികളില്‍ നിന്ന് പോലും പുതപ്പുകള്‍ ജയിലില്‍ കൊണ്ടു വന്ന് അലക്കി തേച്ച് തിരിച്ചു കൊണ്ടുപോകാന്‍ സൗകര്യമുണ്ട്. ജയില്‍ ഡി.ജി.പിയുടെ അനുമതി കിട്ടിയാല്‍ ഉടന്‍ പുറത്തു നിന്നുള്ള ഓര്‍ഡറുകള്‍ അടുത്തുതന്നെ എടുത്തു തുടങ്ങും.
തിങ്കളാഴ്ചയും ബുധനാഴ്ചയും മീന്‍ കറിയാണ് ജയിലിലെ സ്‌പെഷല്‍. ശനിയാഴ്ച നല്ല മട്ടന്‍ ഇറച്ചിയും. പച്ചക്കറികള്‍ ജയില്‍ വളപ്പില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. നല്ല ജൈവ പച്ചക്കറി. മീനുകള്‍ വളര്‍ത്തുന്നതും ജയിലില്‍തന്നെ. ഇതിനെല്ലാം, പുറമെ മുന്തിരി വരെ നട്ടുവളര്‍ത്തിയിട്ടുണ്ട്. തടവുകാരുടെ സെല്ലുകള്‍ക്ക് പുറത്ത് മുതിര വരെ നല്ല ഫ്രഷായി കഴിക്കാം. കീടനാശിനിയില്ലാത്ത മുന്തിരി. ജയിലില്‍ കഴിയുന്ന തടവുകാരന് പുറത്തു കിട്ടുന്ന ഭക്ഷണ വിഭവങ്ങളേക്കാള്‍ വിഷമില്ലാത്തവ കഴിക്കാം.
https://www.facebook.com/Malayalivartha