സ്വര്‍ണം കുഴിച്ചെടുത്ത് ശരീരത്തില്‍ സൂക്ഷിക്കുന്ന ഫംഗസുകള്‍!

ഫ്യൂസേറിയം ഓക്‌സിസ്‌പോറം എന്നത് പിങ്ക് നിറത്തിലുള്ള ലോകമെമ്പാടും കാണപ്പെടുന്ന ഒരു ഫംഗസാണ്. എന്നാല്‍ ഇത്ര നാളും ഒരു സാധാരണ ഫംഗസെന്നു കരുതിയിരുന്ന ഫ്യൂസേറിയം ഓക്‌സ്‌പോറത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. മണ്ണില്‍ കുഴിച്ച് സ്വര്‍ണം കണ്ടെത്തുന്നവയാണ് ഈ ഫംഗസുകളെന്നാണ് ഓസ്‌ട്രേലിയയിലെ നാഷണല്‍ സ്‌പേസ് ഏജന്‍സിയായ സിഎസ്‌ഐആര്‍ഒ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം കണ്ടെത്തുക മാത്രമല്ല അതണിയാനും ഈ പിങ്ക് ഫംഗസിനു താല്‍പര്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
ഈ ഫംഗസ് അതിന്റെ നാരുകളിലാണ് സ്വര്‍ണം ശേഖരിക്കുന്നത്. ഓക്‌സിഡേഷന്‍ പ്രക്രിയയാണ് സ്വര്‍ണത്തെ ശരീരത്തിലെ നാരുകളിലേക്കെത്തിക്കുന്നത്. ഈ ഫംഗസിനെ കൈയില്‍ കിട്ടിയാല്‍, സ്വര്‍ണം ശേഖരിക്കാമെന്നൊന്നും ആരും കരുതേണ്ടതില്ല. കാരണം ഒരു ഫംഗസ് തന്റെ എല്ലാ നാരുകളിലും കൂടി ശേഖരിച്ചു വയ്ക്കുന്ന സ്വര്‍ണം ചേര്‍ത്തു വച്ചാലും മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്നത്ര അളവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഇലകള്‍ മുതല്‍ അലുമിനിയവും ഇരുമ്പും വരെയുള്ള വസ്തുക്കള്‍ വിഘടിപ്പിക്കുന്ന ജീവികളാണ് ഫംഗസുകള്‍. ഈ പ്രക്രിയ തന്നെയാണ് പിങ്ക് ഫംഗസുകള്‍ സ്വര്‍ണത്തിന്റെ കാര്യത്തിലും ചെയ്യുന്നത്. സ്വര്‍ണം പോലുള്ള ലോഹങ്ങളും അവയുടെ മൂലകങ്ങളും ഭൂമി മുഴുവന്‍ വിതരണം ചെയ്യുന്നതില്‍ ഈ ഫംഗസുകള്‍ക്ക് കാര്യമായ പങ്കുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
സ്വര്‍ണം ശേഖരിക്കുന്നതില്‍ ഈ ഫംഗസുകള്‍ വിദഗ്ധരാണെങ്കിലും ഈ ഫംഗസുകളുള്ള പ്രദേശത്ത് സ്വര്‍ണത്തിന്റെ ശേഖരമുണ്ടെന്നു പറയാന്‍ കഴിയില്ല. പിങ്ക് ഫംഗസുകള്‍ കാണപ്പെടുന്നതിനു താഴെ ഭൂമിക്കടിയില്‍ സ്വര്‍ണമുണ്ടാകുമെന്നതിനു തെളിവില്ലെന്ന് ഇവയെക്കുറിച്ച് ഗവേഷണം നടത്തിയ സംഘാംഗമായ സിങ് ബോഹു പറയുന്നു. എന്നാല്‍ ഈ ഫംഗസുകളുടെ സ്വര്‍ണം കണ്ടെത്താനുള്ള കഴിവ് ഒരു പക്ഷേ ഭാവിയില്‍ നൂതന സ്വര്‍ണ ഖനന മാര്‍ഗങ്ങള്‍ക്കു സഹായരമായേക്കാമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.
വന്‍ കുഴികള്‍ തീര്‍ത്തും പരിസ്ഥിതിയെ തകര്‍ത്തുമുള്ള ഖനനത്തിന് പകരം ആഘാതം കുറച്ചുള്ള സ്വര്‍ണ ഖനനം സാധ്യമാക്കാന്‍ ഫംഗസുകളില്‍ നടത്തുന്ന പഠനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha