മൈനസ് 60 ഡിഗ്രിയില്‍ തണുത്തുറഞ്ഞ സിയാച്ചിനിലെ സൈനികരുടെ ജീവിതം

രാജ്യത്തിന്റെ കാവല്‍പടയാളികളായ സൈനിക ഉദ്യോഗസ്ഥര്‍ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. സിയാച്ചിന്‍ മലനിരകളിലെ തണുപ്പ് മൈനസ് 60 ഡിഗ്രിയും കടന്ന് കുതിക്കവേയാണ് സൈനികര്‍ തണുപ്പിന്റെ നേര്‍ സാക്ഷ്യമായി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
സൈനികര്‍ക്ക് നല്‍കിയ ഭക്ഷണ സാധനങ്ങളും പാനീയങ്ങളുടെ കുപ്പികളുമെല്ലാം ഐസിന്റെ കട്ടകളായിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വെറുതെ തണുത്തുറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോര. ജ്യൂസ് കുപ്പി കട്ടയായിരിക്കുന്നതും അത് ചുറ്റിക ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നതും കാണാം.
ഇതിനു ശേഷം കൈയിലുള്ള മുട്ട ചുറ്റികയ്ക്ക് തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നതും മറ്റൊരാള്‍ മുട്ട ഒരു കല്ലുപാളിയിലേക്ക് വലിച്ചെറിയുന്നതും എല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ മുട്ട പൊട്ടുന്നില്ല എന്നിടത്താണ് തണുപ്പിന്റെ കാഠിന്യം മറ്റുള്ളവര്‍ക്ക് മനസിലാകുന്നത്. മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടി തങ്ങള്‍ വെറുതെ പറയുന്നതല്ലെന്നും സ്ഥലത്തെ ജീവിതം ദുരിതപൂര്‍ണമാണെന്നും സൈനികര്‍ പറയുന്നുണ്ട്.
സൈനികരുടെ പിന്നില്‍ തണുത്തുറഞ്ഞ് ഐസ് കട്ടപിടിച്ചു കിടക്കുന്ന മലനിരകളും കാണാം. വീഡിയോ കണ്ട നൂറുകണക്കിനാളുകളാണ് സൈനികരെ പ്രശംസിച്ച് രംഗത്തെത്തുന്നത്. തണുത്തുറഞ്ഞ സിയാച്ചിനിലെ ജീവിതം ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കമന്റിട്ടവരിലേറെയും അഭിപ്രായപ്പെട്ടത്.
തണുപ്പ് മൈനസ് 30- 40 ഡിഗ്രിയിലെത്തുമ്പോള്‍ തന്നെ ഇവിടെ ഭക്ഷണം പാകം ചെയ്യുക പോലും പ്രയാസമാണെന്നും അപ്പോള്‍ പിന്നെ മൈനസ് 60- 70 ഡിഗ്രി തണുപ്പ് എന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നാണ് ചിലരുടെ കമന്റ്.ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ യുദ്ധഭൂമികളിലൊന്നാണ് സിയാച്ചിന്‍.
https://www.facebook.com/Malayalivartha