അമ്മയാന തിരിച്ചെത്തി പാല്‍ കൊടുത്തു; കുട്ടിക്കുറുമ്പന്‍ ഹാപ്പി

പേരാമ്പ്ര എസ്റ്റേറ്റിന്റെ പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് പിറന്നയുടനെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാനാവാതെ കാടുകയറിയ അമ്മ രാത്രിയില്‍ കുട്ടിയെ തെരഞ്ഞ് തിരിച്ചെത്തി. ജീവനോടെയുണ്ടെന്ന് കണ്ടതോടെ കുട്ടിയെ തുമ്പിക്കൈ കൊണ്ട് ചേര്‍ത്ത് നിര്‍ത്തി അമ്മസ്‌നേഹം ആവോളം ഊട്ടി. പിറന്നിട്ട് തുള്ളി വെള്ളം അകത്തോട്ടുപോവാതെ അവശനിലയിലായ കുട്ടിക്കുറുമ്പന്‍ അമ്മയുടെ സ്‌നേഹമുണ്ട് ആവേശത്തിലായി.
ചൊവ്വാഴ്ച പകല്‍ മുഴുവന്‍ കാടുകയറി പോയ അമ്മയാനയെ കാത്തു കഴിയുകയായിരുന്നു ആനക്കുട്ടിയും വനപാലകരും. അമ്മിഞ്ഞപാല്‍ തുള്ളി കിട്ടാതെ ഒടുവില്‍ ആനക്കുട്ടി തളര്‍ന്നു കിടപ്പായി. രാത്രി ആയപ്പോള്‍ അമ്മ വന്നു പാലൂട്ടി സ്നേഹം ചൊരിഞ്ഞു. ബുധനാഴ്ച പകലായപ്പോള്‍ അമ്മയാന വീണ്ടും കാടുകയറി.
റിസര്‍വോയറിന്റെ തീരത്ത് ചെരിഞ്ഞ സ്ഥലത്ത് പ്രസവിച്ചു വീണ ആനക്കുട്ടി റിസര്‍വോയറിലേക്ക് പതിക്കുകയായിരുന്നു. വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിച്ചു കരക്കുകയറ്റാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മയാന കാടുകയറി. ഇന്നലെ കാലത്ത് ആറിന് ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്.
എന്നാല്‍ ടാപ്പിംഗ് തൊഴിലാളികള്‍ കുട്ടിക്കുറുമ്പന് രക്ഷകരായി. റിസര്‍വോയറിന്റെ ചെളി നിറഞ്ഞ സ്ഥലത്ത് കണ്ടെത്തിയ ആനക്കുട്ടിയെ തൊഴിലാളികള്‍ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. പിന്നീട് ആനക്കുട്ടിയെ വനപാലകര്‍ക്ക് കൈമാറി. ഇപ്പോള്‍ വനപാലകരുടെ സംരക്ഷണയിലാണ് കുട്ടിയാന. കുട്ടിയാന കുറുമ്പുകാട്ടി ഉല്ലാസവാനാണ്. കാവലായി പെരുവണ്ണാമൂഴി വനപാലകരും. രാത്രി അമ്മയാന വരുമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha