പള്ളിയില്‍ വിവാഹത്തിനിടെ മനസ്സമ്മതം ചോദിച്ചപ്പോള്‍ സമ്മതമല്ലെന്ന് മറുപടി പറഞ്ഞ് യുവതി; നാടകീയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് പള്ളിയില്‍ വച്ചുള്ള ഒരു മനസ്സമ്മതത്തിന്റെ ദൃശ്യങ്ങളാണ്. രണ്ടാഴ്ചക്കു മുന്‍പ് ഹൈറേഞ്ചിലെ ഒരു പള്ളിയില്‍ നടന്ന നാടകീയ സംഭവങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. വരനെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന പുരോഹിതന്റെ ചോദ്യത്തിന് ചടങ്ങിനെത്തിയവരെ ഞെട്ടിച്ച് വധു ഇഷ്ടമല്ലെന്ന് തുറന്നടിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംഭവം.
വിവാഹം മുടങ്ങിയതോടെ വരന്റേയും വധുവിന്റേയും ഒപ്പമെത്തിയവര്‍ തമ്മില്‍ തര്‍ക്കമായി. പ്രശ്‌നം വഷളാകാതിരിക്കാന്‍ പോലീസിനും ഇടപെടേണ്ടി വന്നു. വിവാഹത്തിന് ഇഷ്ടമല്ലെന്ന യുവതിയുടെ മറുപടി ആദ്യം തമാശയാണെന്നാണ് ചടങ്ങിനെത്തിയവര്‍ കരുതിയത്. എന്നാല്‍ വധു വീണ്ടും അഭിപ്രായത്തില്‍ ഉറച്ചു നിന്നതോടെയാണ് കളി കാര്യമാണെന്ന് വ്യക്തമായത്. ഇതിനിടെ വരനെ ബന്ധുക്കള്‍ പള്ളിയില്‍ നിന്നും മാറ്റി നിര്‍ത്തി ആശ്വസിപ്പിച്ചു. ഒടുവില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. യുവതിയുടെ വീട്ടുകാര്‍ ചതിച്ചുവെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആരോപണം.
പെണ്‍കുട്ടിയെ വനിത പോലീസിന്റെ അകമ്പടിയോടെ സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ വരന്റെ വീട്ടുകാര്‍ ഉറച്ചു നിന്നു. ഇതിനിടെ പെണ്‍കുട്ടി തന്റെ നിലപാട് വെളിപ്പെടുത്തി. മറ്റൊരു യുവാവുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഇതു നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നെന്നും പോലീസിനോട് ഇവര്‍ വെളിപ്പെടുത്തി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പ്രതിക്കൂട്ടിലായി.
ഒടുവില്‍ വരനും കൂട്ടര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്നു പറഞ്ഞ് ഇവര്‍ തലയൂരി. യുവാവിന്റെ ബന്ധുക്കള്‍ വഞ്ചനാക്കുറ്റം ആരോപിച്ച് കേസും കൊടുത്തു.
ക്ലൈമാക്‌സിലാണ് കഥയിലെ ട്വിസ്റ്റ്. വീട്ടിലെത്തി ഏതാനും ദിവസത്തിനുള്ളില്‍ പ്രണയിച്ചിരുന്ന യുവാവിനോടൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോകുകയും ചെയ്തു. ഏതായാലും പള്ളിയിലെ നാടകീയ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha