78-കാരി പങ്കജാക്ഷിയമ്മ ഒരു പ്രസ്ഥാനമാണ് എന്നു പറഞ്ഞാലും തെറ്റില്ല!
പിണറായി പാറപ്പുറം സ്വദേശി പങ്കജാക്ഷിയമ്മയെ അടുത്തിടെ മക്കള്‍ മൈസൂരിലും ഊട്ടിയിലും കൊണ്ട് പോയി. ഒരു ട്രീറ്റ് നല്കല് ആയിരുന്നു അത്്. അമ്മ 78-ാം വയസില്‍ എസ്എസ്എല്‍സി പരീക്ഷ പാസായതാണ് മക്കള്‍ ആഘോഷിച്ചത്.
സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യതാ പരീക്ഷ ജയിച്ചെന്നും പറഞ്ഞ് വെറുതേയിരിക്കാന്‍ പങ്കജാക്ഷിയമ്മ തയ്യാറായില്ല. നേരെ പോയി പ്ലസ് വണില്‍ ചേര്‍ന്നിട്ടുണ്ട് ഈ 'വല്യ' മിടുക്കി. ഹ്യുമാനിറ്റീസ് ആണ് വിഷയം. പഠിക്കുന്നതിന് പ്രായമൊരു തടസമേയല്ലെന്ന് ചിരിച്ചു കൊണ്ട് പറയും പങ്കജാക്ഷിയമ്മ.
പിള്ളാരൊക്കെ എ പ്ലസ് വാങ്ങുന്നത് കണ്ടപ്പോഴാണ് നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പങ്കജാക്ഷിയമ്മയ്ക്കും ഒരു മോഹം തോന്നിയത്. പിന്നെ മടിച്ചില്ല. പോയി ഏഴാം ക്ലാസില്‍ ചേര്‍ന്നു. ജയിച്ചു. പത്താം ക്ലാസ് മൂന്ന് വട്ടം തോറ്റു. പക്ഷേ പിന്മാറാന് പങ്കജാക്ഷിയമ്മ തയ്യാറായില്ല.
പഠനത്തില്‍ മാത്രമല്ല നീന്തലിലും ഒരു കൈ നോക്കാനായിട്ടുണ്ട് പങ്കജാക്ഷിയമ്മ. 77-ാം വയസില്‍ പോയി നീന്തല്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റും നേടി. ഇതിനും പുറമേ കുടുംബശ്രീ സംഘടിപ്പിച്ച ഫാഷന്‍ ഡിസൈനിങ് കോഴ്സും പൂര്‍ത്തിയാക്കി. മനസ് വച്ചാല്‍ എല്ലാം നടക്കും എന്നും നിരന്തര പരിശ്രമമാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha