ഹിന്ദി അറിയാമോ എന്ന് ചോദിച്ചയാളോട് കോട്രലിന്റെ മറുപടി, നമസ്‌തേ അറിയാം, പിന്നെ കുറച്ച് അസഭ്യവും!

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഷെല്‍ഡന്‍ കോട്രലിനോട് ഒരു ആരാധകന്‍ ഹിന്ദി അറിയാമോ എന്ന് ട്വീറ്റ് ചെയ്ത് ചോദിച്ചു.
അതിന് കോട്രല്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. അനുഭവ് ഹര്‍ഷ് സിന്‍ഹ എന്ന ഇന്ത്യന്‍ ആരാധകനാണ് ട്വിറ്ററില്‍ കോട്രലിനെ ടാഗ് ചെയ്ത് ഹിന്ദി അറിയാമോ എന്ന ചോദ്യമുന്നയിച്ചത്. 'ഹായ് ബ്രോ, താങ്കള്‍ക്ക് ഹിന്ദി അറിയാമോ?' എന്നായിരുന്നു ചോദ്യം. ഇതിന് കോട്രല്‍ നല്‍കിയ മറുപടി ഇങ്ങനെ:
'നമസ്‌തേ' അറിയാം, പിന്നെ കുറച്ച് അസഭ്യവും. മഹത്തായ ആ അസഭ്യങ്ങള്‍ അടുത്തിടെ സ്റ്റംപ് മൈക്കില്‍നിന്ന് ലഭിച്ചവയാണ്.'
ഇതോടെ, കോട്രലിന്റെ മറുപടി ട്വീറ്റിന് ചുവട്ടില്‍, ആരില്‍നിന്നാണ് ഈ 'മഹത്തായ അസഭ്യ വാക്കുകള്‍' പഠിച്ചതെന്ന ചോദ്യവുമായി ആരാധകരുടെ പ്രളയമായി.'രോഹിത് ശര്‍മയില്‍നിന്നാണോ' എന്ന് പേരെടുത്തുചോദിച്ച് ഒരു ആരാധകന്‍ കമന്റിട്ടപ്പോള്‍, ചേതേശ്വര്‍ പൂജാരയെ 'സംശയിക്കുന്ന'വരുമുണ്ട്. അതേസമയം, സ്റ്റംപിനു പിന്നില്‍നിന്ന് ചീത്തവിളിക്കുന്നതില്‍ അഗ്രഗണ്യനായി അറിയപ്പെടുന്ന ഋഷഭ് പന്തിന്റെ പേര് കമന്റുകളിലില്ല.
ജമൈക്കന്‍ പട്ടാളത്തിലായിരുന്ന ഷെല്‍ഡന്‍ കോട്രല്‍ അവിടെനിന്ന് അനുമതി വാങ്ങി ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ടീമിനായി കളത്തിലിറങ്ങി. വിക്കറ്റെടുത്ത ശേഷം സവിശേഷമായ രീതിയില്‍ ആഘോഷിക്കുന്നതിലൂടെ ശ്രദ്ധേയനായ കോട്രല്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ ഉള്‍പ്പെടെ വെസ്റ്റിന്‍ഡീസിനായി കളിച്ച താരമാണ്. ലോകകപ്പിലെ ഓരോ വിക്കറ്റ് നേട്ടവും 'മിലിട്ടറി സല്യൂട്ടിന്റെ' അകമ്പടിയോടെ ആഘോഷിച്ച കോട്രല്‍, ആരാധകര്‍ക്ക് ആവേശം പകര്‍ന്നൊരു കാഴ്ചയായിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിനു ശേഷവും കൃത്യമായ ചുവടുകള്‍ വച്ച് കോട്രല്‍ നല്‍കുന്ന സല്യൂട്ടിന് ആരാധകരുമേറെയായിരുന്നു. ആ സല്യൂട്ട് കാണാന്‍ വേണ്ടിമാത്രം, കോട്രലിനു കൂടുതല്‍ വിക്കറ്റ് കിട്ടട്ടെ എന്നാഗ്രഹിച്ചവര്‍ പോലുമുണ്ട്.
ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ ഇതേ സല്യൂട്ടിന്റെ പേരില്‍ കോട്രലും ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ചെറുതായൊന്ന് ഉരസുകയും ചെയ്തു. ഈ മല്‍സരത്തില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയത് കോട്രലായിരുന്നു. പതിവുപോലെ മിലിട്ടറി സല്യൂട്ടുമായാണ് കോട്രല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. രണ്ടാമതു ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിരയില്‍ കോട്രലിനെ പുറത്താക്കിയത് യുസ്വേന്ദ്ര ചെഹലായിരുന്നു. ഇതിനു പിന്നാലെയാണ് ഷമി കോട്രലിന്റെ മിലിട്ടറി സല്യൂട്ട് അനുകരിച്ചത്.
കിങ്സ്റ്റണില്‍ ജനിച്ച ഈ 30 വയസ്സുകാരന്‍ കളത്തില്‍ വെസ്റ്റിന്‍ഡീസിന്റെ ഊര്‍ജകേന്ദ്രമാണ്. വിന്‍ഡീസ് ബോളിങ്ങിന്റെ കുന്തമുനയായ കോട്രല്‍ ഇതുവരെ ആകെ 25 ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂ. 30 വിക്കറ്റുകളാണ് നേടിയത്. 46 റണ്‍സിന് 5 വിക്കറ്റാണ് മികച്ച പ്രകടനം. 16 ട്വന്റി20യില്‍നിന്ന് 24 വിക്കറ്റും 2 ടെസ്റ്റുകളില്‍നിന്ന് 2 വിക്കറ്റും സ്വന്തമാക്കി. 2013-ല്‍ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. പിന്നീട് ടീമില്‍നിന്നു പുറത്തായി. രണ്ടു വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം. ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും പിന്നീട് പുറത്ത്. അതിനുശേഷം 2017-ലാണ് ദേശീയ ടീമിലെത്തിയത്.
https://www.facebook.com/Malayalivartha