കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിലെ ബെയിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം12 ന് മരിച്ച മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ ബൈജു പുളിക്കലിെൻറ (41) മൃതദേഹം നാട്ടിലെത്തിച്ചു.
സൗദി എയർലൈൻസ് വിമാനത്തിൽ ജിസാനിൽ നിന്ന് റിയാദ് വഴി കോഴിക്കോട്ടെത്തിച്ച മൃതദേഹത്തെ ബൈജുവിൻറെ ജ്യേഷ്‌ഠ സഹോരൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ എന്നിവർ അനുഗമിച്ചിട്ടുണ്ടായിരുന്നു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ പൊന്നാനി ശാന്തിതീരം ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്തി.
കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബെയിഷ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ജിസാൻ ബെയിഷിൽ ഫോർ ഫോൾഡ് മെയിൻറെനൻസ് ആൻറ് ഫിനിഷിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബൈജു. 15 വർഷമായി ബെയിഷിൽ ജോലിചെയ്‌തിരുന്ന ബൈജുവിന് കമ്പനിയുടെ നിയമ പ്രശ്‌നങ്ങൾ മൂലം മൂന്നു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവിൽ ഭാര്യയും മകനും സന്ദർശക വിസയിൽ ജിസാനിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു.
https://www.facebook.com/Malayalivartha

























