എംടെക്കുകാരന്റെ പ്‌ളാസ്റ്റിക് വിരുദ്ധ പലചരക്ക് കട സൂപ്പര്‍ഹിറ്റ്!

പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ സ്റ്റോര്‍ എന്ന പേരില്‍ പലചരക്ക് കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഒരു എംടെക്കുകാരന്‍. കോതമംഗലം സ്വദേശി ബിട്ടു മാത്യുവാണ് കോലഞ്ചേരിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. കടയിലെത്തുന്ന ഉപഭോക്താക്കളോട് ബിട്ടു സ്‌നേഹപൂര്‍വം ഇങ്ങനെ പറയുന്നു, പാല്‍ വേണോ പാത്രം കൊണ്ടുവരണം, കുപ്പിയുമായി വന്നാല്‍ വെള്ളം തരാം. പ്ലാസ്റ്റിക് കവറുകളോ അതുപോലുള്ള യാതൊന്നും അവിടെ ഇല്ല, നിങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ പൊതിഞ്ഞുതരാന്‍!
കേരളത്തിലെ ആദ്യത്തെ പ്‌ളാസ്റ്റിക് വിരുദ്ധ സൂപ്പര്‍ മാര്‍ക്കറ്റെന്നാണ് ബിട്ടു തന്റെ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. എയ്‌റോനോട്ടിക് എംടെക്കുകാരനായ ബിട്ടു ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് പ്ലാസ്റ്റിക്ക് വിമുക്ത പലചരക്കു കച്ചവടം എങ്ങനെ വിജയിപ്പിക്കാനാകുമെന്ന് തെളിയിച്ചത്. ഒമ്പത് മാസം കൊണ്ട് കട ലാഭകരമായി.
ഒന്നര വര്‍ഷം കൊണ്ടാണ് വിദേശത്തുനിന്നുള്ള പ്രത്യേക കാനുകളും മറ്റും വരുത്തി സൂപ്പര്‍ മാര്‍ക്കറ്റ് സംവിധാനം ഒരുക്കിയത്. എല്ലാം സെല്‍ഫ് സര്‍വീസ്. തനിയെ സാധനങ്ങള്‍ എടുത്ത് സ്വയം തൂക്കി വില സ്റ്റിക്കര്‍ ഒട്ടിച്ച് കൗണ്ടറില്‍ നല്‍കണം. കുറഞ്ഞ വിലയില്‍ മികച്ച സാധനങ്ങള്‍ കിട്ടുന്നതിനാല്‍ ഉപഭോക്താക്കളും ഹാപ്പി.
കറിപ്പൊടികളും ധാന്യങ്ങളുമൊക്കെ സിംപിളായി പേപ്പര്‍ കവറുകളിലും കുപ്പികളിലും വീഴുന്ന സംവിധാനങ്ങള്‍ കടയില്‍ ഒരുക്കിയിട്ടുണ്ട്. പാലും എണ്ണയും മിനറല്‍ വാട്ടറും ഒക്കെ വേണമെങ്കില്‍ കുപ്പികളുമായി വന്നാലേ കിട്ടൂ. അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളം വാങ്ങാം. നാട്ടിലെ കറവക്കാരോട് പാല്‍ നേരിട്ടു വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.
വിദേശ യാത്രക്കിടെ, സീറോ വേസ്റ്റ് സൂപ്പര്‍ മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന ലണ്ടനിലെ എര്‍ത്ത് ഫുഡ് ലവ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമുള്ള പ്രചോദനമാണ് ബിട്ടുവിനെ നൂതന സംരംഭത്തിലേക്ക് നയിച്ചത്. വേണ്ടവര്‍ക്ക് ചൈനീസ് നിര്‍മിത പ്രത്യേക തരം അടപ്പോടെയുള്ള കുപ്പി ഒന്നിന് നൂറു രൂപയ്ക്ക് കടയില്‍ കിട്ടും. പ്‌ളാസ്റ്റിക് കിറ്റിനു പകരം തുണി സഞ്ചി വില 15-35 രൂപ. കഴുകി ഉണക്കി തിരിച്ച് കൊടുത്താല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കുകയും ചെയ്യും.
നാട്ടിലെ കര്‍ഷകരോട് വാങ്ങുന്ന പച്ചക്കറികളാണ് ഷോപ്പിലുള്ളവയില്‍ അധികപങ്കും. മുള കൊണ്ടു നിര്‍മിച്ചവയാണ് വില്പനയ്ക്കുള്ള ടൂത്ത് ബ്രഷുകള്‍. ബിസ്‌കറ്റ്, നാപ്കിന്‍, കുട്ടികളുടെ ഭക്ഷണപൊടികള്‍ തുടങ്ങിയവ മാത്രമാണ് ഇപ്പോള്‍ പ്‌ളാസ്റ്റിക് കവറുകളില്‍ വില്‍ക്കുന്നത്. അതും ഒഴിവാക്കാനാണ് ശ്രമം. ദിവസം ശരാശരി 200 ഉപഭോക്താക്കള്‍ കടയിലെത്തുന്നുണ്ടെന്ന് ബിട്ടു പറയുന്നു.
https://www.facebook.com/Malayalivartha