ചായക്കടക്കാരായ ദമ്പതികള്‍ 25-ാമത്തെ രാജ്യം സന്ദര്‍ശിക്കാനായി ന്യൂസിലാന്‍ഡില്‍

എറണാകുളം ഗാന്ധിനഗറിലെ വിജയന്‍- മോഹന ദമ്പതികളെ അറിയാത്തവര്‍ ചുരുക്കമാണ്. ചായക്കടയിലെ വരുമാനത്തില്‍നിന്നു പണം സ്വരുക്കൂട്ടിവച്ച് വിദേശ യാത്രകള്‍ നടത്തി ശ്രദ്ധേയരായ കെ.ആര്‍. വിജയനും മോഹന വിജയനും തങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള രാജ്യങ്ങളുടെ എണ്ണത്തില്‍ കാല്‍ സെഞ്ച്വറി തികയ്ക്കാന്‍ പോകയാണ്. ഓസ്‌ട്രേലിയ കണ്ടശേഷം ന്യൂസിലന്‍ഡിലെ കാഴ്ചകളിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. ഇരുവരും സന്ദര്‍ശിക്കുന്ന 24-ാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. ശ്രീബാലാജി കോഫി ഹൗസ് എന്ന ഒരു ഇടത്തരം ചായക്കടയില്‍ നിന്നുള്ള തുച്ഛമെന്നു കരുതുന്ന പണംകൊണ്ട് ഒരു സാധാരണക്കാരനു സ്വപ്നം കാണാന്‍ പോലും കഴിയാത്ത ദൂരമത്രയും ഇരുവരും സഞ്ചരിച്ചു.
അവരുടെ യാത്രാപ്രേമം വാര്‍ത്തയാക്കി ലോകംമുഴുവന്‍ അറിയിക്കാന്‍ ദേശീയ മാധ്യമങ്ങളടക്കമുള്ളവര്‍ എത്തിയപ്പോഴും തോളില്‍ കയ്യുമിട്ടു ഭാര്യയെയും ചേര്‍ത്തുപിടിച്ചു വിജയന്‍ യാത്രയിലായിരുന്നു. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിന്‍സ്‌കി എന്ന വിഖ്യാത ട്രാവല്‍ ബ്ലോഗറും കൊച്ചിയിലെ തെരുവില്‍, ശ്രീ ബാലാജി കോഫി ഹൗസിലെത്തി. കാലം പ്രായമിത്രയേറ്റിയിട്ടും യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു...ലോകത്തിനുമുമ്പില്‍ പങ്കുവെച്ചു.
വിജയന്‍-മോഹന ദമ്പതികളുടെ യാത്രാ ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളിലെയും സന്ദര്‍ശനം സ്‌പോണ്‍സര്‍ ചെയ്തത്.
വിജയന്റെയും മോഹനയുടെയും സഞ്ചാര കൗതുകം ഇപ്പോള്‍ ഏറെ പ്രസിദ്ധമാണ്. തീവ്രമായ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ചായക്കട നടത്തി പണം മിച്ചം വെച്ചു. ചായക്കടയുടെ സാരഥിയും തൊഴിലാളിയും മാനേജരും താനും ഭാര്യയും തന്നെയാണെന്നും സഹായത്തിനു ഒരാളെയും ഇതുവരെ കൂടെകൂട്ടിയിട്ടില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ടു പറയുന്നു. ചായ മാത്രമല്ല, ചെറുകടികളും വിളമ്പുന്ന ഈ ചായക്കടയിലെ വരുമാനത്തില്‍ നിന്നും ദിവസവും 300 രൂപയോളം ഇവര്‍ മാറ്റിവെയ്ക്കും. അങ്ങനെ മാറ്റിവെച്ച പണത്തിനൊപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കില്‍ നിന്നും ലോണ്‍ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം പിന്നീട് ആ ലോണ്‍ എടുത്ത പണം തിരികെ അടയ്ക്കാനായി പണിയെടുക്കും. ദിവസവും 300 മുതല്‍ 350 പേര്‍ വരെ ശ്രീ ബാലാജി കോഫി ഹൗസില്‍ ചായ കുടിക്കാനെത്തും. വിജയന്‍ ചേട്ടന്റെ ചായ അത്യുഗ്രനാണെന്നാണ് ഇവിടെയെത്തുന്നവരുടെയെല്ലാം അഭിപ്രായം.
ആദ്യകാല യാത്രകള്‍ രാജ്യത്തിനുള്ളില്‍ തന്നെയായിരുന്നു. 1988-ല്‍ ഹിമാലയന്‍ സന്ദര്‍ശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളില്‍ യുഎസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 23 രാജ്യങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തി. ഓസ്‌ട്രേലിയയില്‍ എട്ടും ന്യൂസിലന്‍ഡില്‍ എഴും ദിവസമാണ് ഇത്തവണത്തെ യാത്രയില്‍ ചെലവഴിക്കുക. ഓസ്‌ട്രേലിയയില്‍ മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍ റോഡിലൂടെ യാത്ര ചെയ്തു. ഫിലിപ് ഐലന്‍ഡ് ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. കെയ്ന്‍സും സിഡ്‌നിയും സന്ദര്‍ശിച്ച ശേഷം ഓപ്പറ ഹൗസില്‍ ഓസ്‌ട്രേലിയന്‍ യാത്ര അവസാനിപ്പിച്ചു ന്യൂസിലന്‍ഡിലേക്കു തിരിച്ചു. മുന്‍ യാത്രകളില്‍ വിജയനും മോഹനയും മാത്രമായിരുന്നെങ്കില്‍ ഇത്തവണ കൂട്ടിനു മരുമകന്‍ മുരളിയുമുണ്ട്. യാത്രകളില്‍ കാല്‍ സെഞ്ചുറി തികച്ച് ഇരുവരും നവംബര്‍ 2-നു മടങ്ങിയെത്തും.
https://www.facebook.com/Malayalivartha