ജിപിഎസ്, എബിഎസ് സംവിധാനവും യാത്രക്കാരുടെ സുരക്ഷയ്ക്ക് കാമറകളുമൊക്കെയായി ശ്രീഗണപതി ബസ് എത്തിപ്പോയി...!

കെപി റോഡ് വഴി കായംകുളം-അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീ ഗണപതി എന്ന സ്വകാര്യ ബസില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തി. സാമൂഹ്യ വിരുദ്ധ നടപടികളും നിയമ ലംഘനങ്ങളും ജീവനക്കാരുടെ പെരുമാറ്റവും നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന ക്യാമറ സംവിധാനം മാതൃകയായി.
ബസ് യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യങ്ങളും ഒപ്പം ജീവനക്കാരുടെ മോശം പെരുമാറ്റവും കണ്ടെത്താന്‍ സഹായകമാകുന്ന തരത്തിലാണ് നാല് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ബസിനുള്ളില്‍ മാലമോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അത് നിരീക്ഷിക്കാന്‍ കാമറകള്‍ പോലീസിനും സഹായകമാകും. ജിപിഎസ്, എബിഎസ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി, സ്ഥിരം യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എപ്പോഴെത്തുമെന്നും അറിയാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഈ റൂട്ടില്‍ ഇത്രയും സംവിധാനങ്ങളുള്ള ഏക ഹൈടെക് ബസാണിത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി തവണ സര്‍വീസ് നടത്തി ശ്രീഗണപതി ബസ് മറ്റ് സ്വകാര്യ ബസുകള്‍ക്ക് മാതൃകയായിട്ടുള്ളതാണ്.
കെപി റോഡില്‍ അപകടത്തില്‍പ്പെട്ട രോഗിയുമായി പോകവേ വെട്ടിക്കോടിന് സമീപം വെച്ച് അപകടത്തില്‍ മരിച്ച ആംബുലന്‍സ് ഡ്രൈവര്‍ ബ്ലെസന് ഒരുലക്ഷം രൂപ ശ്രീ ഗണപതി ബസ്, സര്‍വീസ് നടത്തി നല്‍കിയിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ബസ് ബോഡികോഡ് പ്രകാരം നിര്‍മിച്ച വാഹനമാണിത്. അതിനാല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏറെയുണ്ട്.
ലൊക്കേഷനും ഡാറ്റയും റെക്കോര്‍ഡ് ചെയ്യുമെന്നതിനാല്‍ മുന്‍ ദിവസങ്ങളിലെ സംഭവങ്ങളും കാര്യങ്ങളും കാമറ സിസ്റ്റത്തില്‍ ലഭ്യമാകും. കായംകുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സിയാദ് ആണ് കാമറകള്‍ സ്ഥാപിച്ച ശ്രീഗണപതി ബസിന്റെ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ശ്രീഗണപതി ബസ് ഗ്രൂപ്പ് ഡയറക്ടര്‍ വിനേഷും പങ്കെടുത്തു.
https://www.facebook.com/Malayalivartha