ആ ബോട്ട് കരയില്‍ നങ്കുരമിട്ടിട്ട് 44 വര്‍ഷം...കേരളത്തിലെ ആദ്യത്തെ ബോട്ട് വീടിനെ കുറിച്ചറിയാം!

ഓളപ്പരപ്പില്‍ ഒഴുകിനടക്കുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. വഞ്ചി വീടെന്നും അറിയപ്പെടുന്ന അവയ്ക്കുള്ളില്‍, ഒരു വീടിന്റെ സൗകര്യത്തിലിരുന്നുകൊണ്ട് കായല്‍ സൗന്ദര്യം ആസ്വദിക്കാനാവുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം.
എന്നാല്‍, കടുത്തുരുത്തിയ്ക്കടുത്ത്് പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരം ചെല്ലുമ്പോള്‍ റോഡരികിലായി മുളക്കുളം വടക്കേക്കരയില്‍, കരയില്‍ ഒരു വഞ്ചിവീടുണ്ട്! കേരളത്തിലെ ആദ്യത്തെ ആ ' ബോട്ട് വീടിന് ' 44 വയസ്സായി. പെരുവ-പിറവം റോഡരികിലാണ് കൗതുക കാഴ്ച്ചയായി ബോട്ട് വീട് സ്ഥിതി ചെയ്യുന്നത്. പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡരികിലായിട്ടാണ് മുളക്കുളം വടക്കേക്കരയില്‍, കരയില്‍ നങ്കുരമിട്ടിരിക്കുന്നതായി തോന്നും വിധത്തിലുള്ള ബോട്ട് ശ്രദ്ധയില്‍പെടുക. യാത്ര പുറപ്പെടുന്നതിന് മുമ്പായി ജെട്ടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടാണെന്ന് ആദ്യമായി കാണുന്നവര്‍ക്ക് സംശയം തോന്നിപ്പിക്കും വിധമാണ് ഇതിന്റെ നിര്‍മാണം.
1976-ല്‍ മുളക്കുളം സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിള്‍ പുത്തേത്ത് പി.ആര്‍. നാരായണന്‍ നായരാണ് ബോട്ട് വീടിന്റെ ഉടമ. ആദ്യകാലങ്ങളില്‍ ഈ വഴി യാത്ര ചെയ്തിരുന്നവര്‍ ബോട്ട് വീട് വ്യക്തമായി കാണാനായി വാഹനങ്ങള്‍ നിര്‍ത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ ആദ്യത്തെ ബോട്ട് വീടാണിതെന്നും പഴമക്കാര്‍ പറയുന്നു.
ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഭാര്യ സുമതിയമ്മയുടെ വീട്ടിലേക്കു ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് നാരായണന്‍ നായരുടെ മനസില്‍ ബോട്ട് വീട് നിര്‍മിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. പിന്നീട് ഒരു പുതിയ വീട് നിര്‍മിക്കുവാന്‍ സാഹചര്യം ഒരുങ്ങിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. പുതുമയ്ക്കൊപ്പം ചെലവ് കുറയുകയും വേണമെന്ന് ഉറപ്പിച്ചപ്പോള്‍ വീടിന്റെ രൂപം ബോട്ടിന്റേത് ആക്കാന്‍ ഉറപ്പിച്ചു. സ്വന്തമായുണ്ടായിരുന്ന ഏഴ് സെന്റ് ഭൂമിയില്‍ രണ്ട് സെന്റില്‍ ബോട്ട് വീടിന്റെ നിര്‍മാണമാരംഭിക്കുകയായിരുന്നു.
മുന്‍വശത്ത് വിസിറ്റിംഗ് റൂം, പിന്നിലായി രണ്ട് കിടപ്പ് മുറികള്‍ ഉള്‍പ്പെടെ നാല് റൂമുകളാണ് വീടിനുണ്ടായിരുന്നത്. ഓരോ റൂമിനും 10 അടി നീളവും ഒമ്പത് അടി വീതിയും 9.5 അടി ഉയരവുമായിരുന്നു ഉണ്ടായിരുന്നത്. ബോട്ടിന്റെ നീളം 16.5 കോലും. കിടപ്പ് മുറിയുടെ പുറകിലായിരുന്നു അടുക്കള. അടുക്കളയുടെ പിന്നില്‍ ലാട്രിന്‍.
ബോട്ടിന്റെ രണ്ട് വശങ്ങളിലായി പതിനാറ് പാളികളുള്ള എട്ട് ജനലുകളും സ്ഥാപിച്ചിരുന്നു. ബോട്ടില്‍ ലഗേജ് വയ്ക്കാന്‍ സൗകര്യം ഉണ്ടാക്കിയിരിക്കുന്നതുപോലുള്ള പോലുള്ള സൗകര്യവും ഓരോ മുറിയിലും ഒരുക്കി. പള്ളിപ്പുറം പാച്ചു ആചാരിയാണ് ബോട്ട് ഹൗസ് നിര്‍മിച്ചത്. കല്‍പണികള്‍ പള്ളിപ്പുറം സ്വദേശി എന്‍.പി. കുമാരന്‍ ആചാരിയും പൂര്‍ത്തിയാക്കി. 40 കോല്‍, എട്ട് വിരല്‍ കണക്കിലായിരുന്നു വീട് നിര്‍മാണം. 750 വെട്ടുകല്ലുകളും 5,000 ഇഷ്ടികകളും 18 ചാക്ക് സിമന്റും 100 പാട്ട കുമ്മായവും എട്ട് അടിയുടെ 24 ഷീറ്റുകളും ഉപയോഗിച്ചായിരുന്നു നിര്‍മാണം.
പരേതനായ തന്റെ പിതാവ് രാമന്‍ നായരുടെ ഓര്‍മയ്ക്കായിട്ടായിരുന്നു നാരായണന്‍ നായര്‍ ബോട്ട് വീട് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ നാരായണന്‍ നായരുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ചാര്‍ജ്മാന്‍ രാജശേഖരന്‍ നായര്‍ ബോട്ട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിച്ചു അതിലാണ് താമസം.
തന്റെ പിതാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി പടിഞ്ഞാറോട്ട് യാത്രയ്ക്കു പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ബോട്ട് വീട് എന്ന സ്മൃതിഭവന്‍ രാജശേഖരന്‍ നായര്‍ സംരക്ഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha