കാസര്‍കോട്ട് നിന്ന് പൂക്കോട് എത്തിച്ച നായ്ക്കുട്ടിക്ക് നേത്രശസ്ത്രക്രിയ
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയായ ശോഭന നായരുടെ പഗ് ഇനത്തില്‍പെട്ട നായ്ക്കുട്ടിക്ക് ലോക്ക് ഡൗണിനിടെ നേത്രശസ്ത്രക്രിയ.
നേത്ര രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഒരു വയസ്സുള്ള നായ്ക്കുട്ടിക്ക് വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ മൃഗചികിത്സാ കേന്ദ്രത്തിലാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്.
കാഞ്ഞങ്ങാട്ടെ വെറ്ററിനറി ഡോക്ടര്‍, ചൊവ്വാഴ്ചയാണ് നേത്രപടലത്തിലൂടെ ഐറിസ് പുറത്തേക്ക് തള്ളിവരുന്ന സ്റ്റഫൈലോമ എന്ന രോഗത്തിന്റെ വിദഗ്ദ്ധ ചികിത്സയ്ക്കായി നായ്ക്കുട്ടിയെ പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലേക്ക് അയച്ചത്.
കര്‍ശനമായ സഞ്ചാര നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ലോക് ഡൗണ്‍ കാലത്ത് കാസര്‍കോട് നിന്ന് വയനാട്ടിലേക്ക് നായ്ക്കുട്ടിയെ കൊണ്ടുവരിക എന്നത് ഏറെ ദുഷ്കരമായിരുന്നു. എങ്കിലും കാസര്‍കോട്, വയനാട് കലക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിലൂടെ ഇന്നലെ കാലത്ത് 9-ന് നായ്ക്കുട്ടിയെ പൂക്കോടുള്ള സര്‍വകലാശാല ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ സര്‍ജറി വിഭാഗത്തിലെ നേത്ര ശസ്ത്രക്രിയ വിദഗ്ദനായ ഡോ. എസ്. സൂര്യാദാസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ ജിഷ.ജി.നായര്‍, ജെ.എസ്. വിബിന് പ്രകാശ്, കെ.എം. രാഹുല്‍ റാവു, സൂരജ് ഗൗരവ് എന്നിവരടങ്ങിയ സംഘമാണ് ഡിസെല്ഗ്രാഫ്റ്റിങ് എന്ന ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാക്കിയത്. മയക്കത്തില്‍ നിന്നുണര്‍ന്ന നായ്ക്കുട്ടിയേയും കൊണ്ട് ഉച്ചയോടെ ശോഭന കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha