ലോക്ഡൗണ്‍ കാലത്ത് വെറുതേ ഇരിക്കാതെ നല്ല തെളിനീരുള്ള ഒരു കിണര്‍ സംഘടിപ്പിച്ചെടുത്തു!
തലശ്ശേരി പിണറായിലെ ഓട്ടോ ഡ്രൈവര്‍ കേളോത്ത് നരിക്കോടന്‍ ഷാജി, ഭാര്യ ബീന, മക്കളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ അഭിജയ്, ബിന്‍ഷ എന്നിവരും ഷാജിയുടെ അനിയന് നരിക്കോടന്‍ ഷനീഷും ലോക്ഡൗണ്‍ കാലത്ത് കൊത്തിയും കിളച്ചും മണ്ണുകോരിയും കുഴിച്ചെടുത്തത് നല്ലൊരു കിണര്‍. രണ്ടാഴ്ച കൊണ്ട് 16 കോല് കുഴിച്ചപ്പോള്‍ വെള്ളം കണ്ടതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍
12 ദിവസം കൊണ്ടാണ് കിണര്‍ കുഴിച്ചത്.ചെലവൂരില്‍ ഇലക്ട്രോണിക്സ് ബിസിനസ് നടത്തുന്ന അനിയന് ഷനീഷ്, ലോക്ഡൗണിനെ തുടര്‍ന്ന് തലശ്ശേരിയിലെ വീട്ടിലെത്തി. അതോടെ പണ്ടു നിര്‍ത്തിവച്ച കിണറുപണി പൂര്‍ത്തിയാക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
തറവാടിനോടു ചേര്‍ന്നു ഷാജി പുതിയ വീടു പണിയാന്‍ തുടങ്ങിയപ്പോള്‍ കിണറിനു സ്ഥലം കണ്ട് കുറ്റിയടിക്കുകയും പണി തുടങ്ങുകയും ചെയ്തിരുന്നതാണ്. അന്ന് ഒരു കോല് (72 സെന്റീമീറ്റര്‍) കുഴിച്ചെങ്കിലും വീടുപണിത്തിരക്കില് കിണര്‍ നിര്‍മാണം ഉപേക്ഷിച്ചു. ബീനയുടെ ഉത്സാഹത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് പണി പുനഃരാരംഭിച്ചു. മുന്‍പ് കിണറുകുഴിക്കല്‍ തൊഴിലാളിയായിരുന്നതിനാല്‍ എന്തു ചെയ്യണമെന്ന് ഷാജിക്ക് അറിയാമായിരുന്നു.
ഷാജിയും ഷനീഷും കിണര്‍ കുഴിച്ചു. ബീന മണ്ണ് പുറത്തെത്തിച്ചു. ആദ്യ ദിവസം മൊബൈലില്‍ പബ്ജി ഗെയിം കളിച്ചിരുന്ന അഭിജയ്യും ബിന്‍ഷയും അമ്മയുടെ കഷ്ടപ്പാടു കണ്ടതോടെ പണിക്കിറങ്ങി. ആദ്യദിവസം പണി നിര്‍ത്തിയപ്പോള്‍ മൊബൈല്‍ഫോണില്‍ എടുത്ത ഫോട്ടോസ് 'കോഴിക്കോട്ടുകാര്‍' എന്ന ഫെയ്സ്ബുക് കൂട്ടായ്മയില്‍ പോസ്റ്റുചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ മടിപിടിച്ചു കിടന്ന ഷനീഷിനെ തേടി ഫോണ്‍വിളികളും സന്ദേശങ്ങളും പ്രവഹിച്ചു. കിണറുപണി എന്തായെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും. ഇതോടെ വീണ്ടും പണി തുടങ്ങി. ഒരു ദിവസം ഒന്നരക്കോല് വീതമാണ് കുഴിച്ചത്.
എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസം ഷാജിയുടെയും ഷനീഷിന്റെയും രണ്ടു സഹോദരന്മാര് കൂടി ചേര്‍ന്നപ്പോള്‍ കുഴിയെടുക്കലിന്റെ വേഗം കൂടി. പതിമൂന്നാമത്തെ ദിവസം 16 കോല് കുഴിച്ചപ്പോഴേക്ക് ഉറവ കണ്ടു. തറവാട്ടിലെ കിണറിന് 27 കോല് ആഴമുള്ളതിനാല്‍ 23 കോലെങ്കിലും കുഴിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ഷനീഷ് പറഞ്ഞു. പുതിയ കിണറിലെ വെള്ളമെടുത്ത് രാത്രിതന്നെ പായസം വച്ച് വീട്ടുകാര്‍ സന്തോഷം പങ്കിടുകയും ചെയ്തു.
https://www.facebook.com/Malayalivartha