കോഴിക്കോട്ടെ പൊലീസിന് ഉന്മേഷം ഏകുന്നത് ഡാര്‍ജിലിങ് എസ്പിയുടെ അച്ഛന്റെ വക ചായ!
വര്‍ഷങ്ങളോളം രാജ്യാതിര്‍ത്തിയില്‍ കാവല്‍ നിന്ന ഒരു വിമുക്തഭടനാണ് കോഴിക്കോട് പറമ്പില്‍ ബസാര്‍ കരുവാലില്‍ 'സൗപര്‍ണിക'യില്‍ ശിവാനന്ദന് നായര്‍. കോവിഡിനെ തുരത്താന്‍ കാവല്‍ നില്ക്കുന്ന പൊലീസുകാര്‍ക്കു ദിവസവും ചായയും ബിസ്കറ്റും എത്തിച്ചുനല്‍കി ഇപ്പോള്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്.
പൊലീസുകാര്‍ക്കു ചായയും കൊണ്ടുള്ള യാത്ര ആരംഭിച്ചത് മാര്‍ച്ച് 28-നാണ്. ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല. രാവിലെ ഒന്‍പതോടെ ശിവാനന്ദന് വീട്ടില്‍ നിന്നു കാറില്‍ ചായയും ബിസ്കറ്റുമായി ഇറങ്ങും.
മൂഴിക്കല്‍, പൂളക്കടവ്, മലാപ്പറമ്പ്, തൊണ്ടയാട്, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, കരിക്കാംകുളം, വേങ്ങേരി, പറമ്പില്‍ ബസാര്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കെല്ലാം നല്‍കും. ചില വഴിയാത്രക്കാരും ചോദിച്ചു വാങ്ങി കുടിക്കാറുണ്ട്.
3 തരം ചായയുമായാണ് യാത്ര. മധുരവും പാലും ഉള്ള ചായ, കട്ടന്‍ ചായ, മധുരമില്ലാത്ത ചായ എന്നിങ്ങനെ. ഭാര്യ അനിതയാണ് ചായ ഉണ്ടാക്കി കൊടുക്കുന്നത്. പൊലീസുകാരുമായി ശിവാനന്ദന് നായരുടെ ബന്ധം ചെറുതല്ല.
മകന് കെ.അമര്‍നാഥ് ഐപിഎസ് നേടി ഡാര്‍ജിലിങ്ങില്‍ എസ്പിയാണ്. മറ്റൊരു മകന് ആദര്‍ശ് ഹൈദരാബാദില്‍ അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
https://www.facebook.com/Malayalivartha