പൊലീസ് സംഘത്തോട് ഭക്ഷണം ഇരന്ന് കുഞ്ഞിക്കുരങ്ങനെയും നെഞ്ചോടു ചേര്‍ത്ത് ഒരമ്മക്കുരങ്ങ്!

കാട്ടിലും ഇതു വറുതിയുടെ കാലമാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ മൃഗങ്ങള്‍ വലയുകയാണ്. നാടുകാണി ചുരം പാതയിലെ കുരങ്ങന്‍മാരുടെ പ്രധാന ആശ്രയം സഞ്ചാരികള്‍ നല്‍കുന്ന ഭക്ഷണമായിരുന്നു. ലോക്ഡൗണായതോടെ അത് നിലച്ചു.
ചുരത്തില്‍ പട്രോളിങ്ങിനെത്തിയ് വഴിക്കടവ് എസ്‌ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു മുന്നിലേക്ക് എത്തിയത് കുഞ്ഞിക്കുരങ്ങനെയും നെഞ്ചോടു ചേര്‍ത്ത് ഒരു അമ്മക്കുരങ്ങ്. വിശന്നു വലഞ്ഞുള്ള നില്‍പാണെന്ന് ആദ്യ നോട്ടത്തില്‍ തന്നെ മനസ്സിലായി. ജീപ്പില്‍ സൂക്ഷിച്ചിരുന്ന തണ്ണിമത്തന്റെ ഒരു കഷണം കൊടുത്തു നോക്കി.
ഒരു മടിയുമില്ലാതെ വാങ്ങിയെന്നു മാത്രമല്ല ജീപ്പിന്റെ കണ്ണാടിയില്‍ കയറി ഇരുപ്പുമുറപ്പിച്ച് ഇനിയും ഇനിയുമെന്ന നോട്ടമെറിഞ്ഞു. പിന്നെ കൊടുത്തത് തക്കാളി. പൊലീസുകാരുടെ കയ്യില്‍നിന്ന് തക്കാളി വാങ്ങുന്ന തിരക്കിലാണ് കുരങ്ങ്. ലോക്ഡൗണിനിടെ വലയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസ് രണ്ട് വയറുകള്‍കൂടി നിറയ്ക്കാനായതിന്റെ സന്തോഷത്തില്‍ പട്രോളിങ് തുടര്‍ന്നു.
https://www.facebook.com/Malayalivartha























