ഡ്രിംഗ് വാങ്ങാനെത്തിയ തെരുവ് ബാലനെ മക്ഡൊണാള്‍സില്‍ നിന്നും ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പിയപ്പോള്‍ ജീവനക്കാരനെ സസ്പെന്റ് ചെയ്തു
ശീതളപാനീയം വാങ്ങാന്‍ മക്ഡൊണാള്‍സില്‍ വന്ന ഒരു തെരുവ് ബാലനെ ഇറക്കിവിട്ടു. ഷഹീന അത്താര്‍വാല എന്ന യുവതിയും സുഹൃത്തുക്കളുമായി മക്ഡോണാള്‍ഡ്സില്‍ ജനുവരി 10ന് പോയപ്പോഴാണ് ഈ ബാലനെ കണ്ടത്. ഇവര്‍ കോള കുടിക്കുന്നത് കണ്ട കുട്ടി തനിക്കും വാങ്ങിക്കൊടുക്കുമോ എന്ന് ചോദിച്ചു. കോള വാങ്ങിത്തരാമെന്നും തന്നോടൊപ്പം ബില്‍ കൗണ്ടറില്‍ ക്യൂ നില്‍ക്കാമോ എന്നും യുവതി ചോദിച്ചപ്പോള്‍ അത് കുട്ടി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവരോടൊപ്പം തെരുവ് ബാലന് ക്യൂ നില്‍ക്കുന്നത് കണ്ട മക്ഡൊണാള്‍ഡ്സിലെ ഒരു ജീവനക്കാരന് കുട്ടിയെ അവിടെ നിന്നും തള്ളപ്പുറത്താക്കുകയായിരുന്നു. താനാണ് കുട്ടിക്ക് ഫാന്റ വാങ്ങിക്കൊടുക്കുന്നതെന്ന് യുവതി പറഞ്ഞപ്പോള്‍ ഇത്തരത്തിലുള്ളവരെ ഇവിടെ കയറ്റില്ല എന്ന് ജീവനക്കാരന് തറപ്പിച്ച് പറയുകയായിരുന്നു.
കുട്ടിയെ ഇറക്കിവിട്ടിട്ടും യുവതി അവന് ഫാന്റ വാങ്ങി റസ്റ്റോറന്റിന് പുറത്ത് കൊണ്ടു പോയി കൊടുത്തു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ശീതളപാനീയം വാങ്ങിയ ബില്ലും ഫാന്റ കുടിക്കുന്ന ബാലനോടൊപ്പം താന്‍ നില്ക്കുന്ന ഫോട്ടോയും ഉള്‍പ്പടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു.
ഇത്തരത്തിലുള്ള ആളുകളെന്ന് അവര്‍ ഉദ്ദേശിച്ചത് എന്താണെന്നും പാവപ്പെട്ട കുട്ടികളെ അവിടെ കയറ്റില്ലേ എന്നും യുവതി ചോദിക്കുന്നു. അവന് ഒറ്റയ്ക്കല്ല, തന്റെ കൂടെയാണ് വന്നത്. സൗജന്യമായല്ല അവിടെ നിന്ന് ഒന്നും വാങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് മക്ഡൊണാള്‍സിലെ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. സംഭവത്തെപ്പറ്റി മക്ഡൊണാള്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാവരേയും തങ്ങള്‍ ഒരുപോലെയാണ് കാണുന്നതെന്നും ഒരു തരത്തിലുള്ള വേര്‍കൃത്യങ്ങളും തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും മക്ഡൊണാള്‍ഡ്സ് അയച്ച പ്രസ്താവനയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha