ഐ.പി.എല്ലില്‍ ഇന്ന് രാജാക്കന്‍മാരുടെ പോരാട്ടം

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഈ ഐ.പി.എല്ലിലെ ശക്തരായ രണ്ടു ടീമുകള്‍ ആയതിനാല്‍ മത്സരം കടുക്കാനാണ് സാധ്യത. പോയിന്റ് നില അനുസരിച്ച് നിലവില്‍ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തും, രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ക്രിസ് ഗെയിലിന്റെ ബലത്തിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. എന്നാല്‍ അമിതമായി ഗെയിലിനെ ആശ്രയിച്ചാല്‍ പണി പാളും. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ പരാജയമാണ് ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ കോഹ്‌ലിയും, എബി ഡിവില്ലിയേഴ്‌സും കൂടി തിളങ്ങിയാല്‍ ബാംഗ്ലൂരിന് പേടിക്കാന്‍ ഒന്നുമില്ല.
എന്നാല്‍ ബാംഗ്ലൂരിനെപോലെ വ്യക്തിബലത്തിലല്ല ടീം ബലത്തിലാണ് രാജസ്ഥാന്റെ വിജയങ്ങളെല്ലാം. ട്വന്റി 20 യും തനിക്ക് പറ്റുമെന്ന് രാജസ്ഥാന്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ് ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണ്‍ ആണ് രാജസ്ഥാന്റെ ബാറ്റിംഗിലെ നെടുംതൂണ്‍.
ബൗളിംഗില്‍ ബാഗ്ലൂര്‍ നിര വളരെ ദുര്‍ബലമാണ്. വിനയ് കുമാറൊഴിച്ചുള്ളവര്‍ ഫോമിലല്ലാത്തതു തന്നെയാണ് ബാഗ്ലൂരിന് തലവേദന. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ ശക്തരായ ബൗളര്‍മാരാണ് ഉള്ളത്. നിലവില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്‌ത്തിയ ജെയിംസ് ഫാല്‍ക്‌നര്‍, ഉള്‍പ്പെടുന്നതാണ് രാജസ്ഥാന്‍ ബൗളിംഗ് നിര. ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബ് മുംബൈയെ നേരിടും.
https://www.facebook.com/Malayalivartha