ഋഷഭ് പന്തിന് സെഞ്ചുറി; വാഷിംഗ്ടണ്‍ സുന്ദറിന് അര്‍ധസെഞ്ചുറി; ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ
ഋഷഭ് പന്തിന്റെ സെഞ്ചുറിയുടേയും വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ ഏഴിന് 294 എന്ന നിലയിലാണ്. സന്ദര്‍ശകരേക്കാള്‍ 89 റണ്‍സ് മുന്നില്‍.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്തും (101) വാലറ്റത്ത് പുറത്താകാതെ ഗംഭീര പ്രകടനം നടത്തിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് (60) ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്. ഇവരെ കൂടാതെ ഓപ്പണര്‍ രോഹിത് ശര്‍മ (49) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. പന്ത്- വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട് 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ദിവസം തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ചേതേശ്വര്‍ പൂജാരയാണ് (17) ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കോഹ്ലി പൂജ്യത്തിനു പുറത്തായി. രഹാനയ്ക്കും (27) കാര്യമായൊന്നും ചെയ്യാനായില്ല.
പന്ത് വന്നതോടെയാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ രോഹിത് ശര്‍മയും അശ്വിനും (13) അടുത്തടുത്ത് പുറത്തായത് ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി.
വാഷിംഗ്ടണ്‍ സുന്ദര്‍ പന്തിന് കൂട്ടായെത്തിയതോടെ ടീം ഇന്ത്യ വീണ്ടും ഉഷാറായി. ഏകദിനക്കണക്കില് റണ്‍സ് ഒഴുകി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍നിന്നും കരകയറ്റി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ പന്ത് മടങ്ങി. അപ്പോഴേക്കും ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ദിനം സ്റ്റന്പ് എടുക്കുന്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം അക്സര്‍ പട്ടേലാണ് (11) ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ആന്ഡേഴ്സണ് മൂന്ന് വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്സും ലീച്ചും രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു.
https://www.facebook.com/Malayalivartha