ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 50 റണ്‍സിന്റെ മിന്നും ജയം നേടി ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്

ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 50 റണ്‍സിന്റെ മിന്നും ജയം നേടി ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നോ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനേ സാധിച്ചിട്ടുള്ളൂ.
അഞ്ച് വിക്കറ്റുമായി പേസ് ബോളര്‍ മാര്‍ക്ക് വുഡാണ് ലഖ്‌നോവിന്റെ വിജയം എളുപ്പമാക്കിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തതോടെ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 20 ഓവറില്‍ ആറു വിക്കറ്റിനാണ് 193 റണ്‍സ് അടിച്ചത്.
ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 38 പന്തില്‍ 73 റണ്‍സ് സ്‌കോര്‍ ചെയ്ത ഓപണര്‍ കൈല്‍ മയേഴ്‌സാണ് ടോപ് സ്‌കോറര്‍. നികോളാസ് പുരാന്‍ 21 പന്തില്‍ 36 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ബാറ്റിങ് നിര വിയര്‍ക്കുന്ന കാഴ്ചയായിരുന്നു. നായകന്‍ വാര്‍ണര്‍ (48 പന്തില്‍ 56), റിലീ റോസോ (20 പന്തില്‍ 30) എന്നിവരൊഴിച്ച് ബാക്കിയെല്ലാവരും പരാജയമായി.
12 പന്തില്‍ എട്ടു റണ്‍സ് മാത്രം ചേര്‍ത്ത ഓപണറും നായകനുമായ കെ.എല്‍. രാഹുലിനെ നാലാം ഓവറില്‍ നഷ്ടമായെങ്കിലും ദീപക് ഹൂഡയെ കാഴ്ചക്കാരനാക്കി മയേഴ്‌സ് തകര്‍ത്തടിച്ചു.
18 പന്തില്‍ 17 റണ്‍സെടുത്ത ഹൂഡ പുറത്താവുമ്പോള്‍ സ്‌കോര്‍ 11 ഓവറില്‍ രണ്ടിന് 98. തൊട്ടടുത്ത ഓവറില്‍ മയേഴ്‌സിനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. 10 പന്തില്‍ 12 റണ്‍സ് നേടിയ മാര്‍കസ് സ്‌റ്റോയ്‌നിസ് 15ാം ഓവറില്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ നാലിന് 117.
മറുഭാഗത്ത് പുരാന്‍ നടത്തിയ വെടിക്കെട്ടും പിന്നാലെ ആയുഷ് ബദോനിയുടെ (7 പന്തില്‍ 18) ഉഗ്രനടികളുമാണ് ലഖ്‌നോയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ക്രുനാല്‍ പാണ്ഡ്യ 13 പന്തില്‍ 15 റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന പന്തിനുവേണ്ടി ഇറങ്ങിയ കൃഷ്ണപ്പ ഗൗതം സിക്‌സര്‍ പറത്തി സ്‌കോര്‍ 193ലെത്തിച്ചു. ലഖ്‌നോ തുടക്കം മുതലേ തകര്‍ത്തടിയായിരുന്നു.
https://www.facebook.com/Malayalivartha