മഴ കാരണം കളി ഉപേക്ഷിച്ചു, ഇന്ത്യ ഒന്നാം റാങ്ക് നില നിര്‍ത്തി

ഒന്നാം റാങ്കിംഗിനു വേണ്ടിയുള്ള മത്സരത്തില്‍ മഴ വില്ലനായി. ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ നാലാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. അതോടെ മത്സരം സമനിലയിലവസാനിപ്പിച്ചു. തുടര്‍ന്ന് പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒന്നാം റാങ്ക് നിലനിര്‍ത്തി.
കളി നിര്‍ത്തുമ്പോള്‍ 4.1 ഓവറില്‍ ഇന്ത്യ 27 റണ്‍സ് നേടി. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയുമായിരുന്നു ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഓസിസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വിനയ കുമാര്‍, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ഓസ്‌ട്രേലിയക്ക് വേണ്ടി ജോര്‍ജ് ബെയ്‌ലി മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. 94 പന്തില്‍ 98 റണ്‍സ് എടുത്ത ബെയ്‌ലി വിനയ് കുമാറിന്റെ പന്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങി. ബെയ്‌ലിയെ കൂടാതെ ഗ്ലെ മാക്‌സ്‌വെല്ലും സെഞ്ച്വറിയോട് അടുത്തെങ്കിലും 100 തികയ്ക്കാന്‍ ആയില്ല. മാക്‌സ്‌വെല്‍ 92ല്‍ നില്‍ക്കുമ്പോള്‍ വിനയ് കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കുകയായിരുന്നു. 77 പന്തില്‍ നിന്നാണ് മാക്‌സ്‌വെല്‍ 92 റണ്‍സ് നേടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായ ഓസീസ് ടീം പിന്നീട് പരുങ്ങലിലായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ജോണ്‍സണ്‍ 25, ഫോക്‌നര്‍ 23, വാട്‌സണ്‍ 14, ഹ്യൂഗ്‌സ് 11 റണ്‍സും നേടി.
ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്.
മൊഹാലിയില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ നിര്‍ണായകമായ ഓവറില്‍ 30 റണ്‍സ് വഴങ്ങി ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരമായിട്ടായിരുന്നു മൂഹമ്മദ് ഷാമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മികച്ച ബൗളിംഗ് കാഴ്ച്ചവെച്ച ഷാമി നിര്‍ണായകമായ മൂന്നു വിക്കറ്റുകളാണ് പിഴുതത്.
ഒന്നാം റാങ്കിംഗിന് വേണ്ടിയുളള പോരാട്ടമെന്ന നിലയില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച പരമ്പരയില്‍ ഇരു ടീമും കടുത്ത പോരാട്ട വീര്യമാണ് പുറത്തെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha