കൊച്ചി ഏകദിനം ഇന്ത്യക്ക്; വിരാട് കോഹ്‌ലി കളിയിലെ കേമന്‍

കൊച്ചിയില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്റീസ് ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും മിന്നല്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ വിജയം കൈപിടിയിലൊതുക്കിയത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരെഞ്ഞെടുത്ത വിന്റീസ് 48.1 ഓവറില്‍ 211 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയാകട്ടെ 35.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
തുടക്കത്തില്‍ അഞ്ചു റണ്‍സെടുത്ത് ശിഖര്‍ ധവാനെ നഷ്ടപെട്ടെങ്കിലും പിന്നീടെത്തിയ കോഹ്‌ലി രോഹിത്തുമായി ചേര്‍ന്ന് മനോഹരമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കരീബിയന്‍ നിര തട്ടിയും മുട്ടിയും കഷ്ടപ്പെട്ടു കളിച്ച വിക്കറ്റില്‍ തന്നെയാണോ കോഹ്‌ലി ബാറ്റ് ചെയ്യുന്നതെന്നു തോന്നിപ്പിച്ചു. രോഹിത് ശര്‍മയും മികച്ച പ്രകടനം കാഴ്‌ചവെച്ചപ്പോള്‍ എട്ടാമത്തെ ഓവറില്‍ തന്നെ ഇന്ത്യ 50 കടന്നു.
21 ഓവറില്‍ രോഹിത്-കോഹ്‌ലി സഖ്യം 133 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതോടെ ഇന്ത്യയുടെ വിജയം ആരാധകരും വെസ്റ്റിന്റീസും ഉറപ്പിച്ചു. പിന്നീട് ചടങ്ങുതീര്‍ക്കല്‍ മാത്രമായി. 150-ല്‍ നില്‍ക്കെ ശര്‍മ 72 റണ്‍സെടുത്തു പുറത്തായെങ്കിലും ഇന്ത്യയെ വെല്ലുവിളിക്കാനുള്ള റണ്‍സോ ആയുധങ്ങളോ ബ്രാവോയുടെ കൈയിലില്ലാതെ പോയി. കോഹ്‌ലിയുടെ 18-ാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പിനൊടുവില്‍ 86 റണ്‍സില്‍ നില്‍ക്കെ നരെയ്‌നു ക്യാച്ച് നല്‌കി യുവതാരം പവലിയനിലേക്കു മടങ്ങി. പിന്നാലെ എത്തിയ റെയ്‌ന റണ്‍സൊന്നും എടുക്കാതെ മടങ്ങിയെങ്കിലും ധോണിയും (13) യുവ്‌രാജും (16) ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.
വെസ്റ്റിന്റീസ്: ഗെയ്ല്‍ റണ്ണൗട്ട് 0, ചാള്‍സ് സി ആന്‍ഡ് ബി ജഡേജ 42, സാമുവല്‍സ് ബി റെയ്‌ന 24, ഡാരന്‍ ബ്രാവോ ബി ഷമി 59, സിമണ്‍സ് എല്‍ബിഡബ്ല്യു ബി റെയ്‌ന 29, ദേവ്‌നാരായണ്‍ ബി റെയ്‌ന 4, ഡ്വെയ്ന്‍ ബ്രാവോ സ്റ്റമ്പ്ഡ് ധോനി ബി ജഡേജ 24, സമി സി ഭുവനേശ്വര്‍ ബി ജഡേജ 5, ഹോള്‍ഡര്‍ നോട്ടൗട്ട് 16, നരെയ്ന്‍ സി ആന്‍ഡ് ബി അശ്വിന്‍ 0, രാംപോള്‍ സി ധവാന്‍ ബി അശ്വിന്‍ 1, എക്‌സ്ട്രാസ് 7, ആകെ 48.5 ഓവറില്‍ 211-ന് പുറത്ത്.
ഇന്ത്യ: രോഹിത് സി സിമണ്‍സ് ബി രാംപോള്‍ 72, ധവാന്‍ സി ചാള്‍സ് ബി ഹോള്‍ഡര്‍ 5, കോലി സി നരെയ്ന്‍ ബി ഹോള്‍ഡര്‍ 86, യുവരാജ് നോട്ടൗട്ട് 16, റെയ്‌ന സി ഹോള്‍ഡര്‍ ബി നരെയ്ന്‍ 0, ധോനി നോട്ടൗട്ട് 13, എക്‌സ്ട്രാസ് 20, ആകെ 35.2 ഓവറില്‍ നാലിന് 212.
https://www.facebook.com/Malayalivartha