ബാറ്റിസ്റ്റ്യൂട്ടയോടുള്ള ആരാധന മൊട്ടത്തലയനെ 'മുടിയനാക്കി'

എഡിന്‍സണ്‍ കവാനി കുട്ടിയായിരുന്നപ്പോള്‍ മൊട്ടത്തലയന്‍ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. അവന് മുടി നന്നേ കുറവായിരുന്നു! കൂട്ടുകാരോടൊപ്പം ടിവിയില്‍ ഫുട്‌ബോള്‍ കളി കാണുകയെന്നതായിരുന്നു പ്രധാന വിനോദം. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ കളി കണ്ടതോടെ അവരെല്ലാം അദ്ദേഹത്തിന്റെ കടുത്ത ആരാധകരായി മാറി. ബാറ്റിസ്റ്റ്യൂട്ടയുടെ നീളന്‍ മുടിയായിരുന്നു പ്രധാന ആകര്‍ഷണം. അതുപോലെ മുടി നീട്ടി വളര്‍ത്താന്‍ തുടങ്ങി ചേട്ടന്‍ നാന്‍ഡോ.
കളിക്കിറങ്ങുമ്പോള്‍ ചേട്ടന്‍ ഷൂ ലേസ്‌കൊണ്ടു മുടി പിന്നിയിടുമായിരുന്നു. ഇതുകണ്ടതോടെ കവാനിക്കും വാശിയായി. രണ്ടും കല്‍പ്പിച്ച് അമ്മയോട് പറഞ്ഞു: ഇനി മുടിവെട്ടില്ലെന്ന്. ഇന്നിപ്പോള്‍, നീളന്‍ മുടിയുമായി കവാനി കളിക്കുമ്പോള്‍ 'മൊട്ടത്തലയന്‍' എന്ന അവന്റെ ആ പഴയ പേര് ആരും ഓര്‍ക്കുന്നേയില്ല!
വീടിനു പുറത്തുള്ള പന്തുകളിയായിരുന്നു ചെറുപ്പത്തില്‍ ജീവിതത്തിലുണ്ടായിരുന്ന ഏക പരിപാടി. വീട്ടില്‍ വലിയ ടിവിയോ കുളിക്കാനും കുടിക്കാനും ചൂടുവെള്ളമോ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ അച്ഛന്റെ ജോലി മാറിക്കൊണ്ടിരുന്നതിനാല്‍ സ്ഥിരമായി വീടും മാറിക്കൊണ്ടിരുന്നു. ഓരോ തവണ വീടുമാറുമ്പോഴും മാറാത്തതായി ഒന്നുണ്ടായിരുന്നു. വീടിനു മുന്നിലെ ചെളി നിറഞ്ഞ സ്ഥലവും അവിടെയുള്ള ഫുട്‌ബോള്‍ കളിയും!
ഇക്കാലത്താണ് ഐസ്‌ക്രീം ഗോള്‍ എന്നൊരു സംഭവം അവരെയാകെ ആവേശം കൊള്ളിച്ചത്. സാല്‍തോയിലെ യൂത്ത് ലീഗ് നടത്തിപ്പുകാരുടെ ഐഡിയ ആയിരുന്നു അത്. കളിയില്‍ അവസാന ഗോള്‍ നേടുന്ന കുട്ടിക്ക് ഐസ്‌ക്രീം സമ്മാനം. ആറു വയസ്സുകാരായ കുട്ടികളെ ഇതിലും രസംപിടിപ്പിക്കുന്ന മറ്റെന്തുണ്ട്? ഫൈനല്‍ വിസിലിന്റെ 'മധുരമായ' ശബ്ദം മുഴങ്ങുമ്പോള്‍ പലപ്പോഴും ഐസ്‌ക്രീം ഗോള്‍ നേടിയത് എഡിന്‍സണ്‍ കവാനിയായിരുന്നു.
യുറഗ്വായിലെ മൈതാനങ്ങളില്‍ പച്ചപ്പുല്ല് ഉണ്ടാകാറില്ല, കാലില്‍ ബൂട്ടുകളും. കവാനിയുടെ കാലില്‍ അന്നു പറ്റിയിരുന്ന ചെളി ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്നു പലപ്പോഴും തോന്നാറുണ്ടെന്ന് കവാനി പറയാറുണ്ട്. പന്തിനുള്ള ഓട്ടത്തിനിടയിലെ ഹൃദയമിടിപ്പ്, ഐസ്‌ക്രീം സ്വന്തമാക്കാനുള്ള വ്യഗ്രത ഇവയൊക്കെയാണ് കവാനിയെ ഇന്നത്തെ കവാനി ആക്കിയത്. ഇതാണ് യുറഗ്വായുടെ ഫുട്‌ബോള്‍ ചരിത്രവും സ്വന്തം ജീവിതവും എന്നു ചേര്‍ത്ത് പറയാനാവും. ഓരോ വട്ടവും എഡിന്‍സണ്‍ കവാനി യുറുഗ്വായുടെ ജഴ്‌സി അണിയുന്നത് ഈ ചരിത്രം പകര്‍ന്നുകൊടുക്കുന്ന കരുത്തുമായാണ്.
https://www.facebook.com/Malayalivartha