ജപ്പാൻ സമുറായികളുടെ പോരാട്ടവീര്യത്തിനു മുൻപിൽ അടിമുടി വിറച്ച് ബെൽജിയം ; പക്ഷെ ബെൽജിയത്തിന്റെ പരിചയ സമ്പത്തിന് മുൻപിൽ ജപ്പാന്റെ പോരാളികൾ തല ഉയർത്തി തന്നെ ലോകകപ്പിൽ നിന്ന് മടങ്ങി

ഇന്നലെ പ്രീകോർട്ടറിൽ ജപ്പാനും ബെൽജിയവും മുഖാമുഖം വന്നപ്പോൾ ബെൽജിയത്തിന് അനായാസ ജയമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ജപ്പാൻ സമുറായികളുടെ പോരാട്ടവീര്യത്തിനു മുൻപിൽ ബെൽജിയം അടിമുടി വിറച്ചു. പക്ഷെ ബെൽജിയത്തിന്റെ പരിചയ സമ്പത്തിന് മുൻപിൽ ജപ്പാന്റെ പോരാളികൾ തല ഉയർത്തി തന്നെ ലോകകപ്പിൽ നിന്ന് മടങ്ങുകയായിരുന്നു.
ചുവന്ന ചെകുത്താന്മാരുടെ യാഥാർത്ഥ പോരാട്ട വീര്യം കൊണ്ട് സമ്പന്നമായിരുന്നു മത്സരം. ജപ്പാൻ സമുറായികൾ രണ്ടു ഗോളുകൾ നേടി മുന്നിൽ നിൽക്കുമ്പോഴും തിരിച്ചു വരുമെന്ന ആവേശവും ആത്മ വിശ്വാസവും ബെൽജിയത്തിന് ഉണ്ടായിരുന്നു. 1970 ൽ പശ്ചിമ ജർമനി ഇംഗ്ലണ്ടിനെതിരെ മുന്നേറിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു ടീം നോക്ക് ഔട്ട് റൗണ്ടിൽ രണ്ടു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷം തിരിച്ചു വരുന്നത്. ജപ്പാന്റെ പ്രകടനം തന്നെയായിരുന്നു കളിക്കളത്തിൽ ശ്രദ്ധേയമായ കാര്യവും.
52 മിനിറ്റ് മുൻപ് വരെ രണ്ടു ഗോളിന് മുൻപിലായിരുന്നു ജപ്പാൻ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആക്രമണത്തിന്റെ എല്ലാ രൗദ്ര ഭാവങ്ങളും പുറത്തെടുത്ത ജപ്പാൻ നാൽപത്തി എട്ടാം മിനിറ്റിൽ മുന്നിലെത്തി. ആ ഗോളിന്റെ നടുക്കം മാറുന്നതിനു മുൻപ് അൻപത്തി രണ്ടാം മിനിറ്റിൽ ഒരു തകർപ്പൻ ഷോട്ട്. മത്സരം ദീർഘ സമയം നീളുമെന്ന് ഉറപ്പിച്ചതോടെയാണ് ജപ്പാന്റെ അമിതാവേശം വിനയായത്. ഇഞ്ചോറി ടൈമിന്റെ അവസാന നിമിഷം കിട്ടിയ കോർണർ കിക്ക് എടുക്കാൻ വേണ്ടി ജപ്പാൻ താരങ്ങൾ കൂട്ടത്തോടെ ബെൽജിയം ബോക്സിലേക്ക്. ഈ അവസരം മുതലെടുത്ത് ഗോൾകീപ്പർ പന്ത് പെട്ടന്ന് മധ്യ നിരയിലേക്ക് എത്തിച്ചു. ചടുലമായ നീക്കത്തിനൊടുവിൽ ലുക്കാക്കൂ ഡമ്മിയായപ്പോൾ ജപ്പാൻ പ്രതിരോധത്തിന് പിഴച്ചു. എല്ലാവരും ബോറൻ കളിയാകുമെന്ന് പ്രതീക്ഷിച്ച ഇടത്ത് ഏഷ്യയുടെ ഏക പ്രതിനിധിയായ ജപ്പാൻ ഞെട്ടിച്ചുകൊണ്ട് കളി അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha