കാലില്‍ കഥ പറയുന്നൊരു ചിത്രവുമായി റഹീം സ്‌റ്റെര്‍ലിംഗ്!

ഇംഗ്ലണ്ട് താരം റഹീം സ്‌റ്റെര്‍ലിംഗിന് ഹോട്ടല്‍ ശുചിമുറി മുതല്‍ ലോകകപ്പ് വരെയെത്തിയ കഥ പറയാനുണ്ട്. അമ്മ നദീന്‍ ആയിരുന്നു കുഞ്ഞു സ്‌റ്റെര്‍ലിംഗിന്റെ പ്രചോദനം. അച്ഛന്‍ മരിക്കുമ്പോള്‍ റഹീമിന് രണ്ട് വയസ്സ്. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അമ്മ നദീന്‍ സ്‌റ്റെര്‍ലിംഗിന്റെ ചുമലില്‍.
ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല നദീന്. എന്നാല്‍ പുതിയ നാട്ടിലും കാര്യങ്ങള്‍ എളുപ്പമായില്ല. ഹോട്ടലില്‍ ശുചീകരണ തൊഴില്‍ ചെയ്യുന്ന അമ്മയെ സഹായിക്കേണ്ട ചുമതല റഹീമിനും സഹോദരിക്കുമായിരുന്നു. പലപ്പോഴും ശുചി മുറി വരെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട് കുഞ്ഞു റഹീമിന്. കുട്ടിക്കാലത്ത് റഹീമും സഹോദരിയും തമ്മിലുള്ള പ്രധാന തര്‍ക്കം ആര് ശുചിമുറി വൃത്തിയാക്കും ആര് കിടക്ക വൃത്തിയാക്കും എന്നതിനെ ചൊല്ലിയായിരുന്നു
പത്താം വയസ്സില്‍ തന്നെ ആഴ്‌സനല്‍, ഉള്‍പ്പെടെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സില്‍ കരിയര്‍ തുടങ്ങാനായിരുന്നു റഹീം സ്‌റ്റെര്‍ലിംഗിന്റെ തീരുമാനം. വമ്പന്‍ ടീമുകളുടെ അക്കാദമിയില്‍ എത്തുന്ന പലരില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്ന അമ്മയുടെ ഉപദേശമായിരുന്നു അതിന് കാരണം. ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനമായിരുന്നു ഇതെന്ന് റഹീം ഇന്ന് പറയും.
ക്യുപിആര്‍ അക്കാദമിയില്‍ നിന്ന് ലിവര്‍പൂള്‍ വഴി മാഞ്ചസ്റ്റര്‍ സിറ്റിയില്‍. ഇംഗ്ലണ്ട് അണ്ടര്‍ 16 ടീമില്‍ നിന്ന് ലോകകപ്പിലെ അന്തിമ പതിനൊന്നിലേക്കും. ഇംഗ്ലീഷ് താരങ്ങള്‍ക്ക് മനക്കരുത്ത് പോരെന്ന് ആക്ഷേപിക്കുന്നവര്‍ സ്‌റ്റെര്‍ലിംഗിന് മുന്നിലെത്തിയാല്‍ ചൂളിപ്പോകും. അല്ലെങ്കിലും, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലല്ലോ.
തനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചത് വെടിയേറ്റായിരുന്നു. രക്തച്ചുവപ്പുള്ള ആ ഓര്‍മ്മയാണ് റഹീം തന്റെ കാലില്‍ തോക്കിന്റെ ചിത്രമാക്കി ടാറ്റൂ ചെയ്ത്, ഒരിക്കലും മാഞ്ഞുപോകാത്ത സ്മരണിക ആക്കിയത്.
https://www.facebook.com/Malayalivartha