ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിൽ നിന്ന് ഖത്തറും ഓസ്‌ട്രേലിയയും പിന്മാറി

ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റ് പോരാട്ടത്തിന് തിരിച്ചടിയായി അതിഥി രാജ്യങ്ങളായ ഖത്തറിന്റെയും ഓസ്‌ട്രേലിയയുടെയും പിന്മാറ്റം. ഈ സമയത്ത് മറ്റു മത്സരങ്ങൾ നടക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് ഇരു രാജ്യങ്ങളുടെയും പിന്മാറ്റം.
ഷെഡ്യൂൾ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടർന്നാണ് പിന്മാറ്റമെന്ന് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ഖത്തറും ഓസ്‌ട്രേലിയയും പിന്മാറിയെങ്കിലും ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ മറ്റു പല രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോൺമെബോൾ(സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ) വൃത്തങ്ങൾ വ്യക്തമാക്കി.
ജൂൺ പതിനൊന്ന് മുതൽ ജൂലൈ 10 വരെയാണ് കോപ്പാ അമേരിക്ക ടൂർണ്ണമെന്റ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണ്ണമെന്റ് കോവിഡ് വ്യാധിയെ തുടർന്നാണ് മാറ്റി വെച്ചത്. അർജന്റീനയും കൊളംബിയയും ആയിരുന്നു ആഥിഥേയം വഹിക്കാനിരുന്നത്.
എന്നാൽ ഇതേ സമയം തന്നെയാണ് മാറ്റി വെച്ച ഓസ്‌ട്രേലിയയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും ഖത്തറിന്റെ ഏഷ്യാ കപ്പ് യോഗ്യത പോരാട്ടങ്ങളും നടത്തുന്നത്. ഇതോടെയാണ് കോപ്പാ അമേരിക്ക ടൂർണ്ണമെന്റിൽ നിന്ന് രണ്ടു രാജ്യങ്ങളും പിന്മാറിയത്.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തർ ആണ്. ചൈനയിൽ നടക്കുന്ന 2023 ഏഷ്യൻ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ ജൂൺ 11,15 തീയ്യതികളിലാണ് എ.എഫ്.സി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha