'വിജയവഴിയില്‍ കേരള ബ്ലാസ്റ്റേഴ്സ്'; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി

ഐഎസ്എല്ലില്‍ വീണ്ടും വിജയവഴിയില്‍ കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്കുശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. പത്ത് പേരായി ചുരുങ്ങിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.പതിവു ശൈലിയില്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് നിരവധി തവണയാണ് നോര്‍ത്ത് ഈസ്റ്റ് പോസ്റ്റിലേക്ക് നിറയൊഴിച്ചത്. എങ്കിലും 62 മിനിറ്റുവരെ ഗോളിനായി ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കേണ്ടി വന്നു.
പെരേര ഡിയാസാണ് കേരളത്തിനായി ആദ്യം വലകുലുക്കിയത്. നിഷു കുമാര്‍ ബോക്സിലേക്ക് നീട്ടി നല്കിയ പന്ത് ഹര്‍മന്‍ജോത് ഖബ്ര ഹെഡറിലൂടെ ഡിയാസിന് മറിച്ച് നല്കി. ഉഗ്രനൊരു ഹെഡറിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു. 70-ാം മിനിറ്റിലാണ് കേരളത്തിന് ഇരുട്ടടിപോലെ റെഡ് കാര്‍ഡ് ലഭിച്ചത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരിയാണ് പുറത്തായത്. പിന്നീടും ആക്രമണം തുടര്‍ന്ന കേരളം 82-ാം മിനിറ്റില്‍ വീണ്ടും ലീഡ് ഉയര്‍ത്തി.
അല്‍വാരോ വാസ്ക്വസിന്റെ മാന്ത്രിക ഗോളിലാണ് കേരളം ലീഡ് ഉയര്‍ത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരി സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്താണ് വാസ്ക്വസ് ഗോള്‍ നേടിയത്. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹെര്‍നന്‍ സന്റാനയുടെ പാസില്‍ നിന്ന് മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 23 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. 26 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്. പത്ത് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാനമാണ്.
https://www.facebook.com/Malayalivartha