'സഹൽ തിളങ്ങി'; ഐ എസ് എല്‍ ഒന്നാം സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് ഉജ്ജ്വല ജയം

ഐ എസ് എല്‍ ഒന്നാം സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് ഉജ്ജ്വല ജയം. ശക്തരായ ജംഷഡ്പൂര്‍ എഫ് സിയെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഒന്നാം പകുതിയിലെ ഗോളിന്റെ പിന്‍ബലത്തില്‍ പരാജയപ്പെടുത്തിയ ബ്‌ളാസ്റ്റേഴ്സ് എതിരാളികള്‍ക്കു മേല്‍ വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കി.
സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ സമനിലയോ ജയമോ സ്വന്തമാക്കിയാല്‍ ബ്‌ളാസ്റ്റേഴ്സിന് ഫൈനലിലേക്ക് യോഗ്യത നേടാം. ഐ എസ് എല്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ തന്നെയാണ് കളിയില്‍ ഉടനീളം മികച്ചു നിന്നത്. എന്നാല്‍ മത്സരത്തിന്റെ 38ാം മിനിട്ടില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് സഹലിന്റെ ഗോളെത്തി. മൈതാനത്ത് ബ്‌ളാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് അല്‍വാരോ വാസ്ക്വസ് സഹലിനെ ലക്ഷ്യമാക്കി ഒരു ലോംഗ് പാസ് നല്‍കുകയായിരുന്ന. ജംഷഡ്പൂര്‍ പ്രതിരോധം ഒരുക്കിയ ഓഫ്സൈഡ് ട്രാപ്പ് വിദഗ്‌ദ്ധമായി മറികടന്ന സഹല്‍, പന്തിന് വേണ്ടി കുതിച്ചു. ജംഷ്ഡ്പൂരിന്റെ പ്രതിരോധനിരതാരം റിക്കി ലാലാവ്മാവ്വ ഉയര്‍ന്നുവന്ന വാസ്ക്വസിന്റെ പാസ് ഹെഡ് ചെയ്ത് അകറ്റാന്‍ ശ്രമിച്ചെങ്കിലും അത് സഹലിനെ കൂടുതല്‍ പ്രയോജനം മാത്രമേ ചെയ്തുള്ളൂ. സഹലിന്റെ തൊട്ടുമുന്നില്‍ വന്ന് വീണ പന്ത് ഗോള്‍കീപ്പറിന്രെ തലയ്ക്കുമുകളിലൂടെ കൃത്യമായി വലയിലെത്തിക്കാന്‍ സഹലിന് സാധിച്ചു. മത്സരത്തില്‍ അതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്ന സഹല്‍ ഈയൊറ്റ നിമിഷത്തോടെ കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു.
അതേസമയം പ്രതീക്ഷിച്ചത് പോലെ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിരുന്നത് ജംഷഡ്പൂര്‍ എഫ് സിയായിരുന്നു. മത്സരം തുടങ്ങി പത്താം മിനിട്ടിലും 20ാം മിനിട്ടിലും അവരുടെ മുന്നേറ്റനിരതാരം ഡാനിയേല്‍ ചുക്‌വുവിന് മികച്ച രണ്ട് അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും അവസരങ്ങള്‍ പാഴാക്കുകയായിരുന്നു. ബ്‌ളാസ്റ്റേഴ്സ് കൂടുതലും പ്രതിരോധത്തില്‍ ഊന്നി കളിച്ചപ്പോള്‍ ജംഷഡ്പൂര്‍ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha