പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് കൊടിയേറി

സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ വടക്കുകിഴക്കന്‍ മണ്ണില്‍ പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെയും മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലെയും വിവിധ വേദികളിലായി 23 ഇനങ്ങളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കായികതാരങ്ങള്‍ പുതിയ ദൂരവും ഉയരവും സമയവും ലക്ഷ്യമിട്ട് കളത്തിലിറങ്ങും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്ക് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് സപ്തസുന്ദരികളുടെ നാട് ഒരു അന്താരാഷ്ട്ര കായിക മേളയ്ക്ക് വേദിയാകുന്നത്.
സംഘാടനം തിരക്കിട്ടതായിരുന്നെങ്കിലും വടക്കുകിഴക്കിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടിച്ചുനില്‍ക്കുന്ന സംഗീതനൃത്ത കലാരൂപങ്ങളാലും വാദ്യമേളങ്ങളും ഉത്ഘാടനച്ചടങ്ങിനെ അവിസ്മരണീയമാക്കി. അസമിന്റെ ഇതിഹാസ ഗായകന്‍ ഭൂപന്‍ ഹസാരിക ദക്ഷിണേഷ്യന്‍ കായികമേളയുടെ ഉദ്ഘാടന വേദിയില്‍ നിറഞ്ഞുനിന്നു. ഹസാരിക രചിച്ച ഒരേ ഭൂമി ഒരേ പതാക എന്ന് തുടങ്ങുന്ന മേളയുടെ ഗീതം അദേഹത്തിന്റെ അനന്തിരവന്‍ കൂടിയായ പ്രശസ്ത ഗായകന്‍ മയൂഖ് ഹസാരികയാണ് ആലപിച്ചത്. തുടര്‍ന്നും ഹസാരികയുടെ വിഖ്യാത ഗാനങ്ങള്‍ വേദിയില്‍ ആലപിച്ചു.
ഹ്രസ്വമായ ഉദ്ഘാടന ചടങ്ങിന് ശേഷം കായിക താരങ്ങളുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് കലാസാംസ്‌കാരിക വിരുന്നിലേക്ക് സ്‌റ്റേഡിയം കടന്നത്. ഗെയിംസ് ചിഹ്നമായ തിഖോര്‍ എന്ന കൊച്ചു കാണ്ടാമൃഗം മുന്നില്‍ നീങ്ങി. അഫ്ഗാന്‍, ബംഗ്‌ളാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ എന്നീ ക്രമത്തില്‍ ടീമുകള്‍ നിരന്നു. സ്‌ക്വാഷ് താരം സൌരഭ് ഘോഷാല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. ഓരോ രാജ്യത്തെയും പ്രമുഖ നദിയില്‍ നിന്നുള്ള വെള്ളവും പ്രത്യേക കുംഭത്തില്‍ ടീമുകള്‍ക്കൊപ്പം നീങ്ങി. അഫ്ഗാനില്‍ നിന്ന് കാബൂള്‍ നദിയിലെയും പാക്കിസ്ഥാനില്‍ നിന്ന് സിന്ധുവിലെയും നേപ്പാളില്‍ നിന്ന് കോസിയിലെയും ഭൂട്ടാനില്‍ നിന്ന് മാനസിലെയും ശ്രീലങ്കയില്‍ നിന്ന് മഹാബലിയിലെയും മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ബംഗ്‌ളാദേശില്‍ നിന്ന് പത്മയിലെയും ഇന്ത്യയില്‍ നിന്ന് ബ്രഹ്മപുത്രയിലെയും ജലധാരകള്‍ സ്‌റ്റേഡിയത്തില്‍ സംഗമിച്ച് ഒരൊറ്റ ധാരയായി ഒഴുകി ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു.
അസമിലെ പ്രത്യേക മുളങ്കുറ്റിയില്‍ പകര്‍ന്ന ഗെയിംസ് ജ്വാലയുമായി ഒളിമ്പിക്ക് ജേതാവ് ഗഗന്‍ നരാങ് സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചു. നരാങ്ങില്‍ നിന്ന് മൊണാലിസ് ബറുവ ഗുപ്ത, ഭോഗേശ്വര്‍ ബറുവ, റാണി രാംപാല്‍, കൃഷ്ണ പുനിയ, അഞ്ജു ബോബി ജോര്‍ജ് എന്നിവരിലൂടെ കൈമാറിയ ജ്വാല ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബെയ്ച്ചുങ് ബൂട്ടിയ ഏറ്റുവാങ്ങിയതോടെ സ്‌റ്റേഡിയം നിറഞ്ഞ കാണികള്‍ ആവേശത്തിമിര്‍പ്പിലായി. സ്‌റ്റേഡിയത്തിന്റെ മധ്യത്തിലെത്തി ലേസള്‍ അഗ്‌നിയിലേക്ക് ബൂട്ടിയ പകര്‍ന്ന ജ്വാല ഗോപുരരൂപത്തില്‍ ഉയര്‍ത്തിയ ഗെയിംസ് വിളക്കിന് തീകൊളുത്തി. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട കലാ-സാംസ്‌കാരിക വിരുന്നിന് ബിഹുവും മയൂഖനൃത്തവും ഭംഗ്രയും കഥക്കും മറ്റ് പരമ്പരാഗത നൃത്ത-വാദ്യമേളങ്ങളും കൊഴുപ്പേകി. വടക്കുകിഴക്കിന്റെ പ്രത്യേകതയായ വിവിധ ഗോത്രവര്‍ഗ നൃത്തങ്ങളും അരങ്ങേറി. ആഗോള പ്രശസ്തി നേടിയ ഷില്ലോങ് ക്വയറിന്റെ വന്ദേമാതരവും ആകര്‍ഷകമായി.
ആതിഥേയരായ ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 3325 കായിക താരങ്ങളാണ് 12 ദിവസം നീളുന്ന മേളയില്‍ മെഡലുകള്‍ക്കായി പൊരുതുക. കഴിഞ്ഞ 11 പതിപ്പിലും ദക്ഷിണേഷ്യന്‍ ഫെഡറേഷന്‍ ഗെയിംസ് എന്ന പേരില്‍ അരങ്ങേറിയ കായിക മേള ഇക്കുറി ഫെഡറേഷന്‍ എന്നത് ഒഴിവാക്കി ദക്ഷിണേഷ്യന്‍ ഗെയിംസ് എന്ന് രൂപാന്തരപ്പെട്ടിട്ടുണ്ട്.
ഗെയിംസിന്റെ ആകര്‍ഷണമായ അത്‌ലറ്റിക്ക് മല്‍സരങ്ങള്‍ക്ക് പ്രധാനവേദിയായ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച തുടക്കമാകും. വനിതകളുടെ ട്രിമ്പിള്‍ ജമ്പില്‍ മയൂഖ ജോണിയും എം എ പ്രജുഷയുമാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. മയൂഖ ലോങ്ജമ്പിലും മല്‍സരിക്കുന്നുണ്ട്. പുരുഷന്‍മാരുടെ ട്രിമ്പിള്‍ ജമ്പില്‍ രഞ്ജിത്ത് മഹേശ്വരിയിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. രഞ്ജിത്തിനേക്കാള്‍ മികച്ച ദൂരവുമായി ടു സുരേന്ദ്രറും ഇന്ത്യന്‍ കുപ്പായത്തിലിറങ്ങും. 400 മീറ്ററില്‍ കുഞ്ഞുമുഹമദാണ് മലയാളി സാന്നിദ്ധ്യം. 4x400 മീറ്റര്‍ റിലെ ടീമിലും കുഞ്ഞിമുഹമ്മദുണ്ട്. കൂട്ടായി മുഹമ്മദ് അനസും. 1500 മീറ്ററില്‍ പ്രതീക്ഷയുണര്‍ത്തി പി യു ചിത്രയുമിറങ്ങും.
ആദ്യ ദിനം നടന്ന വോളിബോള്‍മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ നേപാളിനെ മറികടന്ന് ശ്രീലങ്ക ജയംകുറിച്ചു. പുരുഷന്മാരില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച് ബംഗ്‌ളാദേശും മാലദ്വീപിനെ തോല്‍പിച്ച് പാകിസ്ഥാനും ആദ്യറൌണ്ട് വിജയം സ്വന്തമാക്കിയപ്പോള്‍ വനിതകളുടെ രണ്ടാം റൗണ്ടില്‍ മാലദ്വീപിനെ തോല്‍പിച്ച് ഇന്ത്യയും വിജയത്തുടക്കം കുറിച്ചു. വനിതകളുടെ ഫുട്‌ബോളില്‍ മാലദ്വീപിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങി. രണ്ടാം മത്സരത്തില്‍ ബംഗ്‌ളാദേശിനെ നേപാള്‍ മൂന്ന് ഗോളിന് മടക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha