ആരോഗ്യമുള്ള കണ്ണുകള്‍ക്ക്

ആരോഗ്യമുള്ള കണ്ണുകള്‍ക്ക് നല്ല പരിചരണവും ഒപ്പം നല്ല ഭക്ഷണവും കൂടിയേ തീരൂ.
കണ്ണു വൃത്തിയാക്കാനായി മരുന്നുകള്‍ വാങ്ങി കണ്ണിലൊഴിക്കും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക. ചില മരുന്ന് അമിതമായി ഉപയോഗിക്കുന്നത് ദോഷം ചെയ്യും. കണ്ണിന്റെ ചുവപ്പു നിറം മാറാനായി കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍ വാങ്ങുമ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കുക.
കണ്ണില്‍ കരട് പോയാല്‍ മറ്റുള്ളവരെക്കൊണ്ട് ഊതിക്കുന്നത് പാടില്ല. അണുബാധയ്ക്ക് സാധ്യതയുണ്ട്. തിരുമ്മാതിരിക്കാനും ശ്രദ്ധിക്കണം. വൃത്തിയുള്ള പാത്രത്തില്‍ ശുദ്ധജലമെടുത്ത് കണ്ണ് വെള്ളത്തില്‍ മുക്കി ഇമ ചിമ്മുന്നത് ഗുണം ചെയ്‌തേക്കും.
19 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കോണ്ടാക്റ്റ് ലെന്‍സുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് കാഴ്ചശക്തിക്കു സാരമായ തകരാറുകള്‍ ഉണ്ടാക്കും.
നീന്തുമ്പോഴും ഉറങ്ങുമ്പോഴും കോണ്ടാക്റ്റ് ലെന്‍സുകള്‍ ഒഴിവാക്കുക. കണ്ണിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്കു തടയാന്‍ ലെന്‍സുകള്‍ കാരണമാകും. മാത്രമല്ല വെള്ളത്തിലാകുമ്പോള്‍ ഇവ സ്ഥാനം തെറ്റാനും ഇടയാകും.
കണ്ണിന്റെ ആരോഗ്യത്തിനായി ധാരാളം ഇലക്കറികളും കാരറ്റും മറ്റും കഴിക്കണം. മധുരക്കിഴങ്ങ് കഴിക്കുന്നതും നല്ലതാണ്. മത്സ്യ ഇനങ്ങളില്‍ കോര, മത്തി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. കണ്ണിനു വീക്കവും ക്ഷീണവും വന്നാല്‍ രാത്രി കിടക്കും മുമ്പേ വെള്ളരിക്കാ കഷണം പത്തു മിനിറ്റു നേരം കണ്ണിനു മുകളില്‍ വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുക്കി വച്ച ഗ്രീന്‍ ടീ ബാഗ് കണ്ണിനു മുകളില്‍ വയ്ക്കുന്നതും ഗുണം ചെയ്യും. കണ്ണിനു നല്ല ഉന്മേഷം കിട്ടാനും ഇത് ഉപകരിക്കും.
അധിക നേരം പുറത്ത് ജോലി/യാത്ര ചെയ്യുന്നവര്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു സംരക്ഷണം തരുന്ന സണ്‍ഗ്ലാസ് വയ്ക്കുന്നത് നല്ലതാണ്. നിരന്തരമായി അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണില്‍ പതിക്കുന്നത് കാഴ്ച്ച ശക്തിയെ ദോഷകരമായി ബാധിക്കും. കുട്ടികള്‍ ഒരുപാടു നേരം വെയിലത്തു കളിക്കുകയാണെങ്കില്‍ അവര്‍ക്ക് ഹാറ്റ് ധരിക്കാന്‍ കൊടുക്കാം.
https://www.facebook.com/Malayalivartha