ശാര്‍ക്കരദേവീ ക്ഷേത്രത്തില്‍ മുടിയുഴിച്ചില്‍ ചടങ്ങ് കാണാനെത്തിയത് ആയിരങ്ങള്‍...

ശാര്‍ക്കരദേവീ ക്ഷേത്രത്തില്‍ മുടിയുഴിച്ചില്‍ ചടങ്ങ് കാണാനെത്തിയത് ആയിരങ്ങള്‍... കഴിഞ്ഞ എട്ടു ദിവസങ്ങളായി നടന്നുവരുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തി കുറിക്കുകയും ചെയ്യും.
ഇന്നലെ വൈകുന്നേരം ക്ഷേത്ര പരിസരത്ത് അരങ്ങേറിയ മുടിയുഴിച്ചില്‍ ചടങ്ങ് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ക്ഷേത്രപരിസരം വിട്ട് അഞ്ചുകിലോമീറ്ററോളം ദൂരം മുടിയുഴിച്ചിലിന് വേദിയായി. ഇവിടെയെല്ലാം വഴിയോരങ്ങള്‍ അലങ്കരിച്ചും നിറപറയും നിലവിളക്കും ഒരുക്കിയുമാണ് ഭക്തര്‍ ദേവിയെ എതിരേറ്റത്.
ഇന്ന് വൈകുന്നേരം 5ന് ക്ഷേത്രപ്പറമ്പില്‍ അരങ്ങേറുന്ന നിലത്തില്‍പ്പോരില്‍ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേല്‍ നന്മയുടെ ആന്തരിക വിജയം നേടും. ക്ഷേത്രപ്പറമ്പിലെ തുള്ളല്‍പ്പുരയും സമീപപ്രദേശങ്ങളും വേദിയായശേഷം അവസാനരംഗം അരങ്ങേറുന്നത് ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള വിശാലമായ പറമ്പിലായിരിക്കും.
ക്ഷേത്രത്തിന് സമീപമുള്ള ചുട്ടികുത്തല്‍പ്പുരയില്‍ നിന്ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വാഭരണ വിഭൂഷിതയായ ദേവി ദംഷ്ട്രയും ചിലമ്പുമണിഞ്ഞ് ക്ഷേത്രത്തിലേക്കെത്തും.
ശിവന്റെ പ്രതിനിധിയായ മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും കൊടുത്ത് ഭദ്രകാളിയെ അനുഗ്രഹിച്ചയയ്ക്കുന്നു. ഇതേതുടര്‍ന്ന് ദേവിയുടെ തിരുമുടി തലയിലേറ്റി കിഴക്കേനട വഴി പടക്കളമായ പറമ്പിലേക്ക് ഇറങ്ങുകയും ഉറഞ്ഞുതുള്ളി ആടിത്തിമിര്‍ത്ത് ദാരിക വധത്തിന് ഒരുങ്ങുന്ന ദേവിയെ കാഴ്ചക്കാര്‍ വെറ്റില പറത്തിയും വായ്ക്കുരവയിട്ടും സ്തുതിക്കുകയും ചെയ്യും.
തുടര്‍ന്ന് ഭദ്രകാളിയും ദാരികനും പടക്കളത്തില്‍ തിമിര്‍ത്താടുകയും യുദ്ധത്തിന്റെ ഇടയ്ക്ക് വിശ്രമിക്കുകയും ചെയ്യും. ദേഹമാസകലം ദാരികന്റെ ശരങ്ങളേറ്റ ദേവി ക്ഷീണമകറ്റാനായി പറണില്‍ കയറി അച്ഛനായ പരമശിവനെ ധ്യാനിക്കുന്നു. ദാരികന്റെ ശക്തിക്ഷയങ്ങളെക്കുറിച്ച് സൂത്രത്തില്‍ മനസിലാക്കി രൗദ്രവീര്യത്തോടെ ദാരികന്റെ സമീപത്തേക്ക് ആഞ്ഞടുക്കുകയും ഘോരമായ യുദ്ധത്തിനുശേഷം ദാരികവധം നടത്തുന്നു.
നിഗ്രഹത്തിനു ശേഷമുള്ള ചടങ്ങാണ് മുടിത്താളം തുള്ളല്‍. ദുഷ്ടശക്തികളെ തോല്‍പ്പിച്ചതിലുള്ള സന്തോഷത്തിലാണ് മുടിത്താളമാടുന്നത്. കാളിയൂട്ടിന്റെ പ്രധാന കര്‍മ്മി കലശത്തില്‍ സൂക്ഷിച്ചിരുന്ന വിത്ത് അഴിച്ചെടുത്ത് കാവല്‍മാടത്തില്‍ കാവലിരിക്കുന്ന ബ്രാഹ്മണനും ഭണ്ഡാരപ്പിള്ളയ്ക്കും നല്‍കുകയും ഇവര്‍ ഈ വിത്ത് മുടിയിലിടുന്നു. അതോടെ മുടിയിറക്കുകയും ക്ഷേമ ഐശ്വര്യങ്ങള്‍ നല്‍കാന്‍ പരമശിവന്‍ ദേവിയെ നിയോഗിക്കുന്നുവെന്ന സങ്കല്പത്തോടെ കാളിയൂട്ടിന് സമാപനം കുറിക്കുന്നു.
https://www.facebook.com/Malayalivartha