അനുപമയ്ക്ക് ഗായികയാവണം
പ്രേമത്തിലെ മേരിയായി വന്ന് ആലുവാ പുഴയുടെ തീരത്തു മാത്രമല്ല തമിഴിലും തെലുങ്കിലും വരെ ആരാധകരെ സൃഷ്ടിച്ച താരമാണ് അനുപമ പരമേശ്വരന്. പ്രേമം ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് അനുപമയെ തേടിയെത്തുന്നത്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചിരുന്നു.
കൈനിറയെ പ്രോജക്ടുകളുള്ള താരത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം മറ്റൊന്നാണ്. ഒരു ഗായികയാകണം. ശാസ്ത്രീയമായി പാട്ട് പഠിച്ച അനുപമ സൗഹൃദ സദസുകളിലെ പാട്ടുകാരിയാണ്. ആ കഴിവ് സിനിമയില്‍ പ്രയോജനപ്പെടുത്തണമെന്നാണ് താരം പറയുന്നത്. അടുത്തിടെ ഒരു ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് അനുപമ തന്റെ ആഗ്രഹം പങ്കുവച്ചത്.
പ്രതിദിനം എസ്.എം.എസിലൂടെയും അല്ലാതെയും നിരവധി പ്രണയാഭ്യര്ത്ഥനകളാണത്രേ താരത്തെ തേടിയെത്തുന്നത്. എന്നാല്‍, അതിനൊന്നും ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നില്ല. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് നല്ല നടിയായി പേരെടുക്കണം. അതിനു ശേഷം മാത്രമേ മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കൂവെന്നാണ് അനുപമ പറയുന്നത്.
സത്യന് അന്തിക്കാടിന്റെ ദുല്‍ക്കര്‍ സല്മാന് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലാണ് അനുപമ ഇപ്പോള്‍ അഭിനയിക്കുന്നത്. ആദ്യ തമിഴ് ചിത്രമായ കൊടി റിലീസിന് ഒരുങ്ങുകയാണ്. ധനുഷാണ് നായകന്. അതിനു ശേഷം തെലുങ്ക് ചിത്രമായ ശതമാനം ഭവന്തിയിലാണ് അഭിനയിക്കുക.
https://www.facebook.com/Malayalivartha