ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് വിജയം
ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി നേടിയ ഒയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. 38 പന്ത് നേരിട്ട മോര്‍ഗന്‍, നാലു സിക്‌സും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 51 റണ്‍സെടുത്തു. റൂട്ട് 45 പന്തില്‍ 45 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ചാഹല്‍ രണ്ടും റസൂല്‍ ഒരു വിക്കറ്റും വീഴ്ത്തി.
മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സിന്റെ താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും സാം ബില്ലിങ്‌സും ചേര്‍ന്ന് നല്‍കിയത് ഉജ്വല തുടക്കം. ആശിഷ് നെഹ്‌റയെറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രം നേടിയ അവര്‍, യുവതാരം ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറില്‍ 20 റണ്‍സ് നേടി ലക്ഷ്യം വ്യക്തമാക്കി. ഈ ഓവറില്‍ പിറന്നത് മൂന്നു ബൗണ്ടറിയും ഒരു സിക്‌സും. നെഹ്‌റയെറിഞ്ഞ മൂന്നാം ഓവറില്‍ ഇംഗ്ലണ്ട് ഒരു സിക്‌സ് ഉള്‍പ്പെടെ 12 റണ്‍സ് കൂടി നേടിയതോടെ സ്പിന്നര്‍ യുശ്വേന്ദ്ര ചാഹലിനെ കോഹ്‌ലി പന്തേല്‍പ്പിച്ചു.
ചാഹലിന്റെ ആദ്യ പന്തുതന്നെ സിക്‌സിന് പറത്തിയാണ് ജേസണ്‍ റോയി വരവേറ്റത്. നേരത്തെ, നിശ്ചിത 20 ഓവറും ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 27 പന്തില്‍ 36 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സുരേഷ് റെയ്‌ന 23 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 34 റണ്‍സെടുത്തു. 26 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി മോയിന്‍ അലി രണ്ടും മില്‍സ്, ജോര്‍ദാന്‍, പ്ലങ്കറ്റ്, സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha