പാലക്കാട് ചിറ്റിലഞ്ചേരി മേഖലയില്‍ വേനല്‍ മഴ ലഭിച്ചു; ഇടയിളക്കലിന് തുടക്കമായി

ചിറ്റിലഞ്ചേരി മേഖലയില്‍ പാടങ്ങളില്‍ ഒന്നാം വിള ഇറക്കുന്നതിന് മുന്നോടിയായി ഇടയിളക്കലിന് തുടക്കം കുറിച്ചു. വേനല്‍ മഴ ലഭിച്ചതോടെയാണ് ഇടയിളക്കലിന് തുടക്കമായത്. രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞതിന്റെ കുറ്റികള്‍ ഇളക്കി മണ്ണിനോടു ചേര്‍ക്കുന്നതിനും മണ്ണിനടിയിലുള്ള പുഴുക്കളും മറ്റും മുകളിലെത്തുന്നതിനും വേണ്ടിയാണിത്. പുഴുക്കള്‍ മുകളിലെത്തുന്നതോടെ ട്രാക്ടറിനു പുറകിലായി എത്തുന്ന കൊറ്റികള്‍ അതിനെ ആഹാരമാക്കുന്നതും ഇടയിളക്കല്‍ സഹായകമാകുമെന്നതിനാലാണ് പാടങ്ങളില്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഉഴുതുന്ന പണികള്‍ തുടങ്ങിയത്.
സാധാരണ ഗതിയില്‍ കൊയ്ത്ത് കഴിഞ്ഞ ഉടനെ പലരും പാടം ഉഴുതുമറിക്കുമായിരുന്നു. എന്നാല്‍ ഇക്കുറി അതിന് സാധിച്ചില്ല. ഇതോടെയാണ് മഴ ലഭിച്ചതും പണികള്‍ ആരംഭിച്ചത്. ഇപ്പോഴത്തെ ഉഴുതലോടെ മണ്ണിളകി കിടക്കുന്നതിനും ഇടയാകും. വേനല്‍മഴ ഇക്കുറി വൈകിയാണ് ലഭിച്ചത്. ഇപ്പോള്‍ ഇടയിളക്കുന്നതോടെ രണ്ടാം വിളയില്‍ കൊഴിഞ്ഞ് വീണ നെന്മണികളും കളകളും മുളച്ച് പൊന്തും. ഇനി അടുത്ത മാസം വേനല്‍മഴ ലഭിക്കുന്നതോടെ ഒന്നാം വിളയ്ക്ക് ഒരുക്കം തുടങ്ങും. അപ്പോള്‍ വീണ്ടും പാടങ്ങള്‍ പൂട്ടി മറിക്കുന്നതോടെ ഈ ചെടികള്‍ എല്ലാം ഒന്നാം വിളയ്ക്കുള്ള വളമായി തീരും.
പിന്നീട് പൊടിവിത നടത്താനാണ് കര്‍ഷകരുടെ ലക്ഷ്യം. തൊഴിലാളി ക്ഷാമം, നടീല്‍ നടത്തുന്നതില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നുണ്ട്. ഇടവപ്പാതി തുടങ്ങുമ്പോഴേക്കും ചെടികള്‍ വളര്‍ന്ന് ഒന്നാം ഘട്ടം കളപറി നടത്തുന്നതിനും വളമിടാനും ഉള്ള സമയമാകും എന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha