ചീരയിലെ ഇലപ്പുള്ളി രോഗം തടയാം

 ചീരയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളിരോഗം. ഇതുനിമിത്തം ഉത്പന്നത്തിന്റെ ഗുണമേന്മ കുറയുകയും മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഇല്ലാതാവുകയും ചെയ്യുന്നു. റൈസൊക്ടോണിയ സൊളാനിയെന്ന കുമിളാണ് രോഗം പരത്തുന്നത്. രോഗകാരിയായ കുമിള്‍ ഇലയുടെ അടിയില്‍ പൊടിപോലെ പറ്റിപ്പിടിച്ചതായി കാണുന്നതാണ് ആദ്യലക്ഷണം. ഏറ്റവും അടിഭാഗത്തുള്ള ഇലയുടെ അടിയില്‍ ക്ഷതമേറ്റതുപോലുള്ള സുതാര്യമായ പുള്ളികളില്‍ തുടങ്ങി ഇലകള്‍ മുഴുവന്‍ പുള്ളി വ്യാപിച്ച് ഗുണമേന്മ കുറയുന്നു. ചുവന്ന ചീരയിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.
ജൈവിക രീതിയില്‍ ഈ രോഗത്തെ തടയാന്‍ കഴിയും. കൃഷി ആരംഭിക്കുമ്പോള്‍ മുതല്‍ വിവിധ പരിചരണമുറകള്‍ സ്വീകരിക്കണം. അടിവളമായി ഒരു സെന്റ് സ്ഥലത്തേക്ക് ഉണക്കചാണകപ്പൊടി 30 കിലോഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 10 കിലോഗ്രാം െ്രെടക്കോഡര്‍മ ഒരു കിലോഗ്രാം എന്നിവ ചേര്‍ത്തുണ്ടാക്കിയ ജൈവ വളക്കൂട്ട് മണ്ണില്‍ ചേര്‍ക്കണം. ഇതിന് പുറമേ ശീമക്കൊന്ന ഇല, കിലുക്കിചെടി എന്നിവയും പച്ചിലവളമായി ചേര്‍ക്കണം. വിത്ത് നടുന്നതിന് മുന്‍പ് സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത് പരിചരണം നടത്തണം. 
വിത കഴിഞ്ഞ് പറിച്ചു നടീലിന് മുന്‍പ് ഒരു കിലോഗ്രാം പച്ചച്ചാണകം 10ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് കിട്ടുന്ന തെളിനീര്‍ ഊറ്റിയെടുത്ത് ഇലകളില്‍ തളിക്കണം. പറിച്ചുനടീലിന് ശേഷവും രണ്ടാഴ്ചയിലൊരിക്കല്‍ ഇതാവര്‍ത്തിക്കണം. സി.ഒ.1 എന്നയിനം പച്ചച്ചീര ചുവന്ന ചീരയുമായി കലര്‍ത്തി നടാന്‍ ശ്രദ്ധിക്കണം. 
രോഗം കാണുകയാണെങ്കില്‍ രോഗം ബാധിച്ച ഇലകള്‍ പറിച്ചുകളഞ്ഞ് എട്ടുഗ്രാം സോഡാപ്പൊടി 32 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇതിലേക്ക് നാല്‍പ്പത് ഗ്രാം പാല്‍ക്കായം കൂടി ചേര്‍ത്ത് കിട്ടുന്ന ലായനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്തും മേല്‍ഭാഗത്തും രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കണം. ജലസേചനം നടത്തുമ്പോള്‍ വെള്ളം ഇലകളില്‍ പതിക്കാതെ ചെടിയുടെ ചുവട്ടില്‍ മാത്രം നനയ്ക്കണം. ഇതുവഴി പൂര്‍ണമായും ഈ രോഗത്തെ നിയന്ത്രിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























