സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം, ശക്തമായ കാറ്റിനും സാധ്യത...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും. 28, 29, 30 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 28, 30 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു.
കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെലുങ്കാനക്ക് മുകളിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്.
കൂടാതെ, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുമുണ്ട്. ഇതുമൂലമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്.
https://www.facebook.com/Malayalivartha



























