തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയിൽ വിറ്റത് 200 കോടി രൂപയുടെ ആഭരണങ്ങൾ... ഒറ്റ ദിവസത്തെ സ്വർണ്ണ വില്പനയിലൂടെ ഗിന്നസ് ബുക്കിൽ ഇടം

200 കോടി രൂപയുടെ ആഭരണങ്ങളാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളിലായി വ്യാപാരം നടന്നത്. 250 കിലോഗ്രാം സ്വർണ്ണവും 400 കാരറ്റ് വജ്രവുമാണ് ജ്വല്ലറിയിൽ നിന്ന് അന്ന് മാത്രം വിറ്റു പോയത്. ഇന്ത്യയിൽ ഒരു ജ്വല്ലറി ശൃംഖല ഇത്രയും അധികം കളക്ഷൻ ഒരൊറ്റ ദിവസം കൊണ്ട് നേടുന്നത് ചരിത്രത്തിൽ ഇതാദ്യം. ഭീമയുടെ എം ജി റോഡ് ഷോറൂമിൽ നിന്നാണ് ഏറ്റവും അധികം സ്വർണം വിറ്റിരിക്കുന്നത്.
160 കിലോഗ്രാം സ്വർണവും 320 കാരറ്റ് വജ്രവും ആണ് എം ജി റോഡ് ഷോറൂമിൽ നിന്ന് മാത്രം വിറ്റത്. സ്വർണ്ണ വ്യാപാര രംഗത്ത് 100 വർഷം തികയ്ക്കുന്ന ഭീമയ്ക്കിത് അഭിമാനകരമായ നേട്ടമാണ്.1925ൽ തുടങ്ങിയതാണ് ഭീമ. ഒരു നൂറ്റാണ്ടിൻ്റെ നിറവിലേക്ക് ഭീമ കടക്കുമ്പോൾ ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാ വിജയത്തിനും കാരണമെന്ന് ചെയർമാൻ ബി ഗോവിന്ദൻ പറയുന്നു.
സ്ഥിരനിക്ഷേപം എന്നതിനപ്പുറം ഹ്രസ്വകാല ആവശ്യങ്ങളെ മുൻനിർത്തി സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ട്രെൻഡാണ്. വിവാഹ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അധികമാളുകളും സ്വർണ്ണം വാങ്ങുന്നത്. പുതുതലമുറയുടെ സങ്കല്പങ്ങൾ അനുസരിച്ച് പണിക്കൂലിയിൽ ഇളവുകൾ നൽകി വിപണി കൈയടക്കാൻ ജ്വല്ലറികൾ തമ്മിൽ കിടമത്സരവും ഉണ്ട്.
ഒറ്റ ദിവസത്തെ സ്വർണ്ണ വില്പനയിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടാൻ സാധിച്ചു എന്നാണ് ഭീമാ ജ്വല്ലറി അവകാശപ്പെടുന്നത്. അതിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. മാത്രമല്ല, ആശ്വാസ ദിനവുമാണ്. ഇന്നലെ പവന് 720 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിലനിലവാരം തന്നെയാണ് ഇന്നും തുടരുന്നത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 57,120 രൂപയാണ്. ഒരു ഗ്രാമിന് 7,140 രൂപയും. വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് ഒരു ലക്ഷം രൂപയുമാണ്.
നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. രാജ്യന്തരവിലയാണ് കേരളത്തിലും ബാധിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ചൈന വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത് രാജ്യാന്തര സ്വര്‍ണ വിലയെ 2,700 ഡോളറിന് മുകളില്‍ എത്തിച്ചിരുന്നു. ആറ് മാസം സ്വര്‍ണത്തോട് മുഖം തിരിച്ച ചൈനീസ് പീപ്പിള്‍സ് ബാങ്ക് നവംബറില്‍ അഞ്ച് ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ വില ഇടിയുകയായിരുന്നു. നിലവില്‍ ഔണ്‍സിന് 2,648 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
റിസര്‍വ് ബാങ്കിന്റെ പലിശ തീരുമാനത്തിനായി കാത്തിരിക്കുന്ന നിക്ഷേപകര്‍ വലിയ നിക്ഷേപത്തിന് മുതിരുന്നില്ല. കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസിന്റെ മൊത്ത വ്യാപാര പണപ്പെരുപ്പം 3 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്.
ഇത് ഉപയോക്തൃ വിലപ്പെരുപ്പം നിലനില്‍ക്കുമെന്ന സൂചനയാണ് നല്‍കിയത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തെ ഇത് സ്വാധീനിക്കാനിടയുണ്ട്. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് പിലശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷകള്‍. പലിശ കുറഞ്ഞാല്‍ സ്വര്‍ണ വില വീണ്ടും ഉയരും.
https://www.facebook.com/Malayalivartha