നിസാൻ ഡിജിറ്റൽ ഹബിൽ ഒഴിവുകൾ 200
26 JULY 2018 03:55 PM IST

മലയാളി വാര്‍ത്ത
ഉദ്യോഗാർഥികൾക്ക് മികച്ച അവസരമൊരുക്കി നിസാന്‍ ഡിജിറ്റല്‍ ഹബ്ബ്. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 28 നു മുൻപ് അപേക്ഷിക്കണം.
തുടക്കാർക്കും ഒന്നു മുതൽ രണ്ടു വർഷം പ്രവൃത്തി പരിചയമുള്ളവർക്കും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, അഡ്വാന്‍സ്ഡ് ആപ്ലിക്കേഷന്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളിലായി ഇരുനൂറോളം പേരെയാണ് നിസാൻ ഡിജിറ്റൽ ഹബ് നിയമിക്കാനൊരുങ്ങുന്നത്. മികച്ച ശമ്പള പാക്കേജിനോടൊപ്പം ആധുനിക സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാനും ഉദ്യോഗാർഥികൾക്ക് നിസാൻ അവസരമൊരുക്കുന്നു.
പ്രതിവര്‍ഷം 10 ലക്ഷം രൂപയിൽ കുറയാതെ വാഗ്ദാനം ചെയ്യുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ അഭിരുചി പരീക്ഷ, കോഡിങ് ടെസ്റ്റ്, അഭിമുഖം എന്നീ മൂന്നുഘട്ടമുള്ള പ്രവേശന പ്രക്രിയ വഴിയാണ് തിരഞ്ഞെടുക്കുന്നത്
കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ഡിജിറ്റല്‍വൽക്കരിച്ച് ഇന്ത്യയിലും ആഗോള വിപണികളിലും നിസാന്റെ സാങ്കേതിക ശേഷി ശക്തിപ്പെടുത്തുകയാണ് നിസാന്‍ ഡിജിറ്റല്‍ ഹബിന്റെ ലക്ഷ്യം.
ഏഷ്യ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിസാന്‍ തുടങ്ങാനിരിക്കുന്ന ഡിജിറ്റൽ ഹബുകളില്‍ ആദ്യത്തേതാണ് ജൂണ്‍ 29 ന് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ അടക്കമുള്ള നൂതന സങ്കേതങ്ങളുമായി വാഹന വിപണി കൂടുതല്‍ ഡിജിറ്റലാകുന്ന കാലത്ത് ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനവും സുരക്ഷയും കണക്ടിവിറ്റിയും നല്‍കാൻ ഡിജിറ്റല്‍ ഹബുകള്‍ നിസാനെ സഹായിക്കും.
ജപ്പാനിലെ യോകോഹാമ ആസ്ഥാനമായുള്ള നിസാന്റെ ആഗോള ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ചൈന, യൂറോപ്പ്, ലാറ്റിന്‍– നോര്‍ത്ത് അമേരിക്കന്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. 1999 മുതല്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയുമായി പങ്കാളിത്തമുള്ള നിസാന്‍ 2016 ല്‍ മിറ്റ്സുബിഷി മോട്ടോഴ്‌സിന്റെ 34 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു.