ദുബായിൽ 15 വൻകിട കമ്പനികളിൽ ആയിരത്തിലധികം തൊഴിലവസരങ്ങൾ

നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി സ്വകാര്യ കമ്പനികൾ. 15 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് അവസരമൊരുക്കുന്നത്. പൊതുമാപ്പുകാർക്ക് തൊഴിൽ നൽകാൻ എത്തിയത് ശോഭാ ഗ്രൂപ്പ്, ഭട്‌ല ജനറൽ കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്‌ക്ക്, അസീസി ബിൽഡേഴ്സ്, ട്രാൻസ്ഗാർഡ്, ട്രോജൻ തുടങ്ങിയ കമ്പനികളാണ് . ഈ 15 കമ്പനികളിലായി ആയിരത്തോളം തൊഴിലവസരങ്ങളാണുള്ളത്.
പൊതുമാപ്പ് നേടിയവർക്ക് ഈ കമ്പനികളുടെ കൗണ്ടറിൽ തൊഴിൽ അന്വേഷിക്കാം. യോഗ്യതകൾ പരിശോധിച്ച്, അഭിമുഖത്തിനു ശേഷമാണ് കമ്പനികൾ ഓഫർ ലെറ്റർ നൽകുന്നത്. പൊതുമാപ്പ് നേടിയ പാക്കിസ്ഥാൻ സ്വദേശിക്കാണ് ഇന്നലെ ആദ്യ നിയമനം ലഭിച്ചത്. സെക്യൂരിറ്റി സർവീസ് കമ്പനിയായ ട്രാൻസ്ഗാർഡ് അഭിമുഖം നടത്തി ജോലി വാഗ്ദാനം ചെയ്ത ഉടൻ, കമ്പനിയുടെ ലേബർ ക്യാംപിലേക്കും മാറ്റി.
വിസ നിയമലംഘകർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാനും സാധിക്കും. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് ഈ പൊതുമാപ്പിൽ അപേക്ഷ സമർപ്പിച്ച് രാജ്യം വിടാം. ഈ സമയത്ത് താമസക്കാർക്ക് ഒന്നുകിൽ പുതിയ വിസക്ക് അപേക്ഷിക്കാം. ഔട്ട് പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇത്തരത്തിൽ സ്വന്തം രാജ്യത്തേക്ക് പോകുന്നവർക്ക് പിഴ ഈടാക്കേണ്ടതില്ല. പിന്നീട് യുഎഇയിലേക്ക് തിരികെ വരാൻ നിയമതടസ്സങ്ങൾ ഉണ്ടാകില്ല.
ദുബായിൽ പൊതുവെ പുതിയ കമ്പനികളുടെ എണ്ണം വർധിച്ചു വരുന്നതായി ആണ് റിപ്പോർട്ട്. കഴിഞ്ഞ ആറു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ യുഎഇയിൽ പുതുതായി രജിസ്റ്റർ ചെയ്തത് 72,004 കമ്പനികളാണ്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് രാജ്യത്ത് ഇത്രയും കമ്പനികൾ പുതുതായി വന്നിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ കാണുന്നത്.
2023ൽ 4,53,367 കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 5.26 ലക്ഷമായി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശവൽക്കരണ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം കൂടുതൽ ആണ്. 18– 35 വയസാണ് തൊഴിൽ മേഖലയിലെ ശരാശരി പ്രായം. കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷം 7. 76 ശതമാനം ആണ് വർധിച്ചിരിക്കുന്നത്. മൊത്തം ജീവനക്കാരുടെ എണ്ണം പരിശോധിക്കുമ്പോൾ 50.8 ശതമാനം ചെറുപ്പക്കാരാണ്.
ഈ ആറ് മാസത്തിനിടെ സ്വകാര്യ മേഖലയിൽ ലെെസൻസ് നേടിയ സ്ഥപനങ്ങൾ ഇവയാണ്; വാണിജ്യ സ്ഥാപനങ്ങൾ, വിവിധ ഓഫിസുകൾ, നിർമാണ മേഖല, വ്യാപാര മേഖല, വ്യാവസായിക മേഖല, ഖനനം, സംഭരണശാലകൾ, ഗതാഗതം, ക്വാറികൾ, ആരോഗ്യം, സാമൂഹിക മേഖലയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ എന്നിവയെല്ലാം ലെെസൻസ് നേടിയ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha