കേരളത്തിലെ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനാവില്ല

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ നൈപുണ്യയോഗ്യതാ ചട്ടക്കൂടില്‍ (എന്‍.എസ്.ക്യു.എഫ്.) ഉള്‍പ്പെടാത്തതിനാല്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ല. 2018-നുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുളള സാധ്യതയും കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുളള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃഷി, ഡി.ടി.പി, അക്കൗണ്ടിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങി 48 തൊഴിലുകളാണ് പദ്ധതിയില്‍ ഉളളത്. ഭോപ്പാലിലെ പി.എസ്.എസ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷനാണ് സിലബസ് തയ്യാറാക്കിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പാക്കിക്കഴിഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളില്‍ പ്ലസ്ടുവരെ യോഗ്യതയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ എന്‍.എസ്.ക്യു.എഫ്. യോഗ്യത നിര്‍ബന്ധമാക്കും. രാഷ്ട്രപതിഭവനിലേക്ക് മാലിഗ്രേഡ് മൂന്ന് തസ്തികയില്‍ 70 ഒഴിവിലേക്ക് ജനുവരി 30ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ എന്‍.എസ്.ക്യു.എഫ്. ലെവല്‍ നാല് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത ചോദിച്ചത്. യു.പി.എസ്.സി.യും താമസിയാതെ ഇത് നടപ്പാക്കും. പുതിയ പാഠ്യക്രമപ്രകാരം റിക്രൂട്ട്‌മെന്റ് നയം മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ യു.പി.എസ്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പായാല്‍ റെയില്‍വേ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ കേരളത്തിലുളളവര്‍ക്ക് നഷ്ടമാകും.
https://www.facebook.com/Malayalivartha