വര്‍ഷങ്ങളായി ഉദ്യോഗാര്‍ത്ഥികളെ വലച്ച കേരള കാര്‍ഷിക സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷ യാഥാര്‍ത്ഥ്യമാകുന്നു

എട്ടുകൊല്ലം ഉദ്യോഗാര്‍ത്ഥികളെ വലച്ച കേരള കാര്‍ഷിക സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷ യാഥാര്‍ത്ഥ്യമാകുന്നു . പരീക്ഷ നടത്താന്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് സംവിധാനമില്ലാത്തതിനാല്‍ എല്‍. ബി. എസാണ് ടെസ്റ്ര് നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 2009 നവംബറില്‍ വിജ്ഞാപനമായ പരീക്ഷ ജനുവരി 21 ന് നടത്തും. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് അഡ്മിറ്റ് കാര്‍ഡയച്ചുതുടങ്ങി.
സംസ്ഥാന യുവജന കമ്മിഷനും ലോകായുക്തയും ഹൈക്കോടതിയും വിധിച്ചിട്ടും കാര്‍ഷിക സര്‍വകലാശാല പരീക്ഷക്കാര്യം ഉഴപ്പുകയായിരുന്നു. ഇക്കാര്യം കേരള കൗമുദി വാര്‍ത്തയായിരുന്നു. പരീക്ഷയില്ലെങ്കില്‍ ഫീസ് മടക്കിക്കൊടുക്കാന്‍ സംസ്ഥാന യുവജന കമ്മിഷന്‍ മൂന്നുകൊല്ലംമുമ്പ് വിധിച്ചതാണ്. ഇപ്പോഴത്തെ കമ്മിഷന്‍ നിയമ നടപടിക്കൊരുങ്ങുകയുംചെയ്തു. ലോകായുക്താ വിധിക്കെതിരായ അപ്പീലില്‍, പരീക്ഷ യൂണിവേഴ്‌സിറ്രിതന്നെ നടത്തണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
നാല്‍പ്പതിനായിരത്തോളം പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും, പരിശോധന കഴിഞ്ഞപ്പോള്‍ അപേക്ഷകള്‍ മുപ്പത്തേഴായിരമായി. പരീക്ഷാഫീസായി അരക്കോടിയിലേറെ രൂപയാണ് പിരിച്ചത്. പരീക്ഷ നടത്തിക്കാന്‍ അന്നും എല്‍. ബി.എസിനെയാണ് സമീപിച്ചത് . 40 ലക്ഷം രൂപയായിരുന്നു അന്നത്തെ ഫീസ്. പരീക്ഷ നടക്കാതായതോടെ, പണം സര്‍വകലാശാല മടക്കിവാങ്ങി. ഒരു കോടിയോളമാണ് ഇപ്പോള്‍ എല്‍ . ബി. എസിന്റെ പരീക്ഷക്കൂലി. യൂണിവേഴ്‌സിറ്റി മിനിസ്റ്റീരിയല്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ പി. എസ്.സിക്കുവിട്ടതാണ് പരീക്ഷാ നടത്തിപ്പിന് തടസമായത്.
ഉദ്യോഗാര്‍ത്ഥികള്‍ കുറവുള്ള ജില്ലക്കാരെ സമീപ ജില്ലയിലേക്കുമാറ്റി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങള്‍.
https://www.facebook.com/Malayalivartha