ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല...'ആക്‌സിയം 4' ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു

ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര 'ആക്‌സിയം 4' ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം നടത്തിയത്. നാസ, ഐ.എസ്.ആര്‍.ഒ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4.
ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ നയന്‍ റോക്കറ്റിലാണ് കുതിച്ചുയര്‍ന്നത്.
ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവിസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപ്പു എന്നിവരാണ് യാത്രികര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.
അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഐ.എസ്.ആര്‍.ഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.
മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയില്‍ നിന്ന് ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.
അതേസമയം നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്‌സിയം ദൗത്യം. ഇതിനുമുമ്പ് ദൗത്യം ജൂണ്‍ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും കാരണം വിക്ഷേപണ തീയതി വീണ്ടും മാറ്റുകയായിരുന്നു. പേടകം നാളെ വൈകുന്നേരം നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha