ഇന്ന് സൂപ്പര്‍മൂണ്‍

കണ്ണുകള്‍ക്ക് വിരുന്നൊരുക്കി ഇന്ന് ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാം.ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പ്രതിഭാസമാണിത്.68 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടെത്തുന്ന സൂപ്പര്‍മൂണ്‍ ഇനി ഈ നൂറ്റാണ്ടിലുണ്ടാവില്ലെന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്.സാധാരണ ചന്ദ്രനെക്കാള്‍ 15 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും. ഭൂമിയുടെ 3,56,509 കിലോമീറ്റര്‍ അടുത്ത് ചന്ദ്രന്‍ എത്തും.ഭ്രമണപഥത്തില്‍ ചുറ്റുന്ന ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രബിംബത്തിന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും.
ബൈബിളിലെ പരാമര്‍ശവുമായി ബന്ധപ്പെടുത്തുമ്പോള്‍ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൂപ്പര്‍മൂണിന് പ്രാധാന്യമേറെയുണ്ട്. എന്നാല്‍ സൂപ്പര്‍മൂണിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അവര്‍ പറയുന്നു. ചന്ദ്രന്‍ ചക്രവാളത്തിനോടടുത്ത് വരുന്ന സന്ദര്‍ഭത്തില്‍ മരങ്ങള്‍, കെട്ടിടങ്ങള്‍, തുടങ്ങിയവയ്ക്കിടയില്‍ കൂടി കാണുമ്പോള്‍ അത് പതിവിലും വലുതായി നമുക്ക് തോന്നുന്നതാണെന്നാണ് നാസ വിശദീകരിക്കുന്നത്. ഇത് വെറുമൊരു ഒപ്റ്റിക്കല്‍ ഇല്യൂഷനാണെന്നും നാസ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ന് രാത്രി ജിഎംടി സമയം എട്ട് മണിക്ക്ആണ് സൂപ്പര്‍മൂണെത്തുന്നത്. ഈ സമയം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്നരലക്ഷം കിലോമീറ്ററുകള്‍ മാത്രമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ആകാശമുള്ളിടത്ത് പോയി തെക്കോട്ട് കാഴ്ചയുള്ള ഇടങ്ങളില്‍ പോയി നിന്നാല്‍ സൂപ്പര്‍മൂണിനെ നന്നായി ആസ്വദിക്കാനാവുമെന്നാണ് വാനനിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏത് ഫുള്‍ മൂണിനെയും പോലെ സൂര്യന്‍ അസ്തമിച്ചതിന് ശേഷം കിഴക്ക് ഭാഗത്താണ് ഇന്ന് ചന്ദ്രനുദിക്കുകയെന്നും തുടര്‍ന്ന് ഉയര്‍ന്ന് പൊങ്ങി ഇത് ഏറ്റവും വലുപ്പത്തില്‍ കാണുക അര്‍ധരാത്രിയായിരിക്കുമെന്നുമാണ് ഓസ്‌ട്രോണമി എഴുത്തുകാരനായ കോളിന്‍ സ്റ്റുവര്‍ട്ട് വെളിപ്പെടുത്തുന്നത്.
വായുമലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലത്ത് പോയി നിന്നാലാണ് സൂപ്പര്‍മൂണിനെ അതിന്റെ ഏറ്റവും പൂര്‍ണരൂപത്തിലും തെളിമയിലും കാണാന്‍ സാധിക്കുക. എന്നാല്‍ ഈ അവസരത്തില്‍ ചന്ദ്രന്‍ സാധാരണത്തേതിലും വലുതാകുന്നില്ലെന്നും മൂണ്‍ ഇല്യൂഷന്‍ എന്ന എഫക്ടിനാല്‍ നമുക്ക് ഇങ്ങനെ തോന്നുകയാണെന്നും സ്റ്റുവര്‍ട്ട് വെളിപ്പെടുത്തുന്നു. അതിനാല്‍ മരങ്ങളും കെട്ടിടങ്ങളും തടസപ്പെടുത്താത്ത കിഴക്കന്‍ ചക്രവാളത്തിലേക്ക് നല്ല കാഴ്ച ലഭിക്കുന്ന ഇടങ്ങളില്‍ പോയി നിന്നാല്‍ ചന്ദ്രന്റെ മനോഹര രൂപം നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ഉപയോഗിക്കേണ്ടതില്ല. സൂപ്പര്‍മൂണിനെ വീടിന് പുറത്ത് പോകാതെ ലൈവായി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ അതിനുള്ള സൗകര്യമില്ലെങ്കിലോ സ്ലൂഹ് ഒബ്‌സര്‍വേറ്ററി ഇതിന്റെ തത്സമയ ബ്രോഡ്കാസ്റ്റിങ് നിര്‍വഹിക്കുന്നുണ്ട്.
സാധാരണയായി ഒരു വര്‍ഷത്തില്‍ നാല് മുതല്‍ ആറ് സൂപ്പര്‍മൂണുകള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച ചന്ദ്രന്‍ 68 വര്‍ഷത്തിന് ശേഷം ഏറ്റവുമടുത്തെത്തുന്നുവെന്നതാണ് ഈ സൂപ്പര്‍മൂണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഭാസം ഇനിയുണ്ടാകുന്നത് 2034ല്‍ മാത്രമാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍മൂണാണ് ഈ നവംബര്‍ 14ന് എത്തുന്നത്. 2016ലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ വന്നത് ഒക്ടോബര്‍ 16നായിരുന്നു. ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍മൂണ്‍ വരുന്നത് ഡിസംബര്‍ 14ന് ആണ്.
https://www.facebook.com/Malayalivartha