'അമ്മ തന്‍റെ ആ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍, ഇന്ന് എന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നു...' അനുഭവം പങ്കുവച്ച് വിഷാദ രോഗത്തില്‍ നിന്ന് കരകയറിയ ബോളിവുഡ് നടി ദീപിക പദുകോണ്‍

ഒരു കാലത്ത് വിഷാദ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്ത് എത്തിയ ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. അതിനെ അതിജീവിച്ചു കരകയറിയതൊക്കെയും ഏറെ സങ്കടത്തോടുകൂടെ തന്നെ തുറന്നുപറയുകയാണ് ഉണ്ടായത്. മാനസികരോഗവും മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ അകറ്റി നിര്‍ത്തരുതെന്നും ദീപിക പലപ്പോഴും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാനായി 'ലീവ്, ലവ്, ലാഫ് ' എന്നൊരു സംഘടനയും ദീപിക നടത്തിവരുകയാണ്. ഒക്ടോബർ 10- ലോക മാനസികാരോഗ്യ ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട പല പരിപാടികളും ദീപിക സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
എന്നാൽ ഇതിനിടെ ആണ് താന്‍ നേരിട്ട വിഷാദ രോഗത്തെ കുറിച്ച് വീണ്ടും ദീപിക മനസ്സു തുറന്നത്. അമ്മ തന്‍റെ ആ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍, ഇന്ന് തന്‍റെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ ആണ് ആ സമയത്തെ വീട്ടുകാരുടെ പിന്തുണയെ കുറിച്ച് താരം വ്യക്തമാക്കിയത്.
'ആ സമയത്ത് വീട്ടുകാരുടെ പിന്തുണ വളരെ നിര്‍ണ്ണായകമായിരുന്നു. കൂടെയുള്ളവരുടെ മാനസിക പിന്തുണ അത്രമാത്രം പ്രധാനമാണ്. അമ്മ എന്‍റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍, ഡോക്ടറുടെ ഉപദേശം തേടണമെന്ന് നിര്‍ദ്ദേശിച്ചിലായിരുന്നെങ്കില്‍, ഇന്ന് എന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നു' - ദീപിക പറയുകയുണ്ടായി.
അതേസമയം 2014- ലാണ് ദീപികയ്ക്ക് വിഷാദം അനുഭവപ്പെട്ടത്. 2015-ലാണ് ദീപിക താന്‍ വിഷാദരോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല എന്നും അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക എന്നുമാണ് ദീപിക അന്ന് പ്രതികരിച്ചത്. ജീവിക്കുന്നത് എന്തിന് വേണ്ടിയെന്നും ചിന്തിക്കും ഒന്നിലും സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല'- എന്നാണ് ദീപിക അന്ന് പറഞ്ഞത്.
'ഇന്ത്യയില്‍ വിഷാദരോഗം കണ്ടെത്തിയവരില്‍ ഭൂരിഭാഗവും സഹായം തേടുന്നില്ല. വിഷാദമുള്ളവര്‍ക്ക് വേണ്ടത് പ്രൊഫഷണല്‍ സഹായമാണ്. വിഷാദം ഒരു രോഗമാണെന്ന് തിരിച്ചറിയുകയും അത് തുറന്നുപറയാന്‍ ധൈര്യം കാണിക്കുകയും ചെയ്താല്‍ തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കിത് പറയാനാകും. ഒറ്റയ്ക്കല്ലെന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്'- എന്നും ദീപിക പറയുന്നു.
https://www.facebook.com/Malayalivartha