പത്താൻ വിവാദം ആളിക്കത്തുമ്പോൾ ആരാധകരുമായി സംവദിച്ച് ചിത്രത്തിലെ നായകൻ ഷാരൂഖ് ഖാൻ... ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്... പത്താൻ മുതൽ ഇഷ്ടസിനിമകളും രാം ചരണും കെ.ജി.എഫും വരെ ഈ ചോദ്യോത്തര വേളയിൽ വിഷയങ്ങളായി....

ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചു. അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്ന് ഷാരൂഖ് തിരിച്ചുചോദിച്ചു.
ഒരുതരത്തിൽ പറഞ്ഞാൽ പത്താൻ ആക്ഷൻ രീതിയിൽ പറയുന്ന ദേശഭക്തി ചിത്രമാണ്. സുഹൃത്തുക്കൾക്കൊപ്പം ചെയ്യുന്ന സിനിമ പോലെയാണത്. വീട്ടിലാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്ന കാര്യം ആദ്യം പറഞ്ഞത്. വീട്ടിൽ ഏറ്റവും കുസൃതിക്കാരനായ കുട്ടി താനാണെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടസിനിമകളേക്കുറിച്ചും ഷാരൂഖ് മനസുതുറന്നു. 'സ്റ്റാൻലി കുബ്രിക്കിന്റെ സിനിമകളിൽ ക്ലോക്ക് വർക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമെന്നും ഷോഷാങ്ക് റിഡംപ്ഷൻ, മിഷൻ ഇംപോസിബിൾ സീരീസ് തുടങ്ങിയവയും ഇഷ്ടമാണ്. നോളൻ ചിത്രങ്ങളിൽ മെമെന്റോയും പ്രസ്റ്റീജുമാണ് പ്രിയം. അദ്ദേഹം പറഞ്ഞു.'
ദൃശ്യസാക്ഷരതയുള്ളവരാണ് തെലുങ്ക് പ്രേക്ഷകർ. രാംചരൺ തന്റെ സുഹൃത്താണെന്നും കെ.ജി.എഫിലെ യഷിന്റെ പ്രകടനം ഗംഭീരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ജവാന്റെ സംവിധായകൻ അറ്റ്ലീക്കും പ്രിയക്കും ഇപ്പോൾ കുഞ്ഞുപിറക്കാൻ പോവുകയാണെന്ന സന്തോഷവും കിംഗ് ഖാൻ പങ്കുവെച്ചു.
ആത്മകഥ എഴുതാൻ സമയമായിട്ടില്ലെന്നും ജീവിതം പൂർണമാകുമ്പോൾ എഴുതാമെന്നും അതിനിനിയും സമയം കിടക്കുകയാണെന്നും താരം ആരാധകർക്ക് മറുപടി നൽകി. ആരാധകരുടെ സ്നേഹത്തിനും സമയത്തിനും നന്ദി പറഞ്ഞ താരം, തന്റെതന്നെ സിനിമയിലെ ‘പിക്ചർ അഭി ബാക്കി ഹേ...’ എന്ന ഡയലോഗും കുറിച്ചു.
https://www.facebook.com/Malayalivartha