വിശ്വാസത്തിന്റെയും, അന്ധവിശ്വാസത്തിന്റേയും നൂൽപ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ബുരാരി കുടുംബം: യഥാർത്ഥ സംഭവ കഥയുമായി നെറ്റ്ഫ്‌ളിക്‌സ് ഡോക്യു-സീരീസ് ....

ജിത്തു ജോസഫിന്റെ " കൂമൻ "എന്ന സിനിമയിൽ രഞ്ജിപണിക്കറുടെ കഥാപാത്രം ആസിഫ് അലിയോട് ബുരാരി മരണങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. (Burari deaths) ഒരുകാലത്തു വളരെ എന്ന കോളിളക്കം സൃഷ്ടിച്ച ഈ കേസ് ഇങ്ങനെയാണ്... 2018 ജൂലൈ 1, രാജ്യം ഉണര്‍ന്നത് ഒരു കുടുംബത്തിലെ 11 പേരുടെ മരണവാര്‍ത്ത കേട്ടായിരുന്നു.
കൈകളും കാലുകളും ബന്ധിച്ച്, കണ്ണുകള്‍ മൂടി, തൂങ്ങിമരിച്ച നിലയില്‍ 10 പേരുടെ മൃതദേഹങ്ങള്‍, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നാരായണ്‍ ദേവി മുറിയില്‍ താഴെ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞ 'ബുരാരി മരണങ്ങള്‍'. മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്ത ഒരു സംഭവമായിരുന്നു അത്. അതിന് പിന്നാലെ ഒരുപാട് ചർച്ചകൾ, വിവാദങ്ങൾ, അന്വേഷണങ്ങൾ ഒക്കെ നടന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അതൊരു കൊലപാതകമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തി.
പക്ഷേ, ഒരു തുണ്ട് കയറിൽ ജീവിതം തീർക്കാൻ ഒരു കുടുംബത്തിലെ പതിനൊന്ന് പേരെയും തോന്നിപ്പിച്ച വികാരം എന്തായിരിക്കാം? രാജ്യത്തെ ഞെട്ടിച്ച മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിക്കാന്‍ ശ്രമിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യു-സീരീസ് 'ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്'. മൂന്ന് പാര്‍ട്ടുകളായി പുറത്തിറങ്ങിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ്. ഭാട്ട്യ കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണ് എന്നതിനപ്പുറം, അന്ധവിശ്വാസങ്ങള്‍ എത്രത്തോളം മനുഷ്യനെ കീഴടക്കുന്നു എന്നും, വേണ്ടത്ര പ്രാധാന്യം നല്‍കാതെ, തിരിച്ചറിയപ്പെടുക പോലും ചെയ്യാതെ പോകുന്ന മാനസിക വൈകല്യങ്ങളെ കുറിച്ചും, അവ എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നതിനെ കുറിച്ചും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നുണ്ട്.
വിശ്വാസത്തിന്റെയും, അന്ധവിശ്വാസത്തിന്റേയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ഒരു കുടുംബത്തിന്റെ കഥയായിരുന്നു ബുഹാരി കുടുമ്ബത്തിന്റേത് . 75 വയസ്സുകാരി നാരായണി ഭാട്ടിയ, അവരുടെ മക്കളായ ലളിത് (42), ഭൂപി (46), പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണ് ആത്മഹത്യ ചെയ്തത്. അവരുടെ വളർത്തുനായയെ മുകളിലത്തെ നിലയിൽ കെട്ടിയിട്ട നിലയിലാണു കണ്ടെത്തിയത്. എന്നാൽ, ഈ ബഹളങ്ങൾ നടക്കുമ്പോഴെല്ലാം അത് കുരച്ചില്ലെന്നത് ദുരൂഹത വർദ്ധിപ്പിച്ചു.
നാരായണിയുടെ ഇളയ മകനായ ലളിത് വർഷങ്ങൾക്കു മുൻപു മരിച്ചുപോയ പിതാവിനോടു സംസാരിക്കാറുണ്ടായിരുന്നുവെന്ന് അവിടെ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകൾ പറഞ്ഞു. വേറെയും ഞെട്ടിക്കുന്ന നിരവധി വിവരങ്ങൾ ഡയറിയിൽ അടങ്ങിയിരുന്നു. മരിക്കുന്നതിന് മുൻപുള്ള പതിനൊന്ന് വർഷങ്ങൾ അവർ ഈ ഡയറിക്കുറിപ്പുകളിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ജീവിച്ചിരുന്നത്. മരിച്ചുപോയ അച്ഛൻ ലളിതിനോട് സ്വപ്നത്തിൽ പറയുന്ന കാര്യങ്ങളാണ് ഡയറിക്കുറിപ്പിൽ നിർദ്ദേശങ്ങളായി മാറിയിരുന്നതെന്ന് കരുതുന്നു.
പതിനൊന്ന് ഡയറികളും നോട്ട്ബുക്കുകളുമാണ് അവിടെ നിന്ന് കണ്ടെത്തിയത്. അച്ഛൻ സ്വപ്നത്തിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, തന്റെ കുടുംബാംഗങ്ങൾ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും ആ ഡയറികുറിപ്പുകൾ നിർദ്ദേശിച്ചു. കുടുംബത്തിന് ആ വാക്കുകൾ നിയമങ്ങളായി മാറി. അതിനെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടില്ല. ലളിതിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന അച്ഛൻ കുടുംബത്തിലെ പതിനൊന്ന് പേരും ചെയ്യേണ്ട കടമകളും, ദൈന്യംദിന കർത്തവ്യങ്ങളും വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണിതെന്നും ഡയറിയിൽ പറയുന്നു. അത് പാലിക്കാത്ത പക്ഷം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മരിച്ചുപോയ അച്ഛന്റെ നിർദ്ദേശപ്രകാരമാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കരുതുന്നു.
മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പായി ഏഴുദിവസം നീണ്ടുനിൽക്കുന്ന ആൽമരത്തിനു പൂജ ചെയ്യുന്ന ഒരു ചടങ്ങും നടത്തിയതായി ഡയറിയിൽ പറയുന്നു. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ഈ ചടങ്ങ് പിതാവിന്റെ ആത്മാവിനു ശാന്തി നൽകുന്നതിനാണെന്നും ഡയറിക്കുറിപ്പുകളിൽ പറയുന്നു. കൂടാതെ, അവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത് ആൽമരത്തിന്റെ കൊമ്പുകൾ പോലെയാണെന്ന് പോലീസ് പറഞ്ഞു. ലളിതിന്റെ ഇത്തരം വിഭ്രാത്മകമായ ചിന്തകൾ കുടുംബാംഗങ്ങൾ അക്ഷരം പ്രതി വിശ്വസിച്ചിരുന്നു. അയൽക്കാരുമായി വളരെ നല്ല ബന്ധത്തിലായിരുന്നു ഇവർ പക്ഷേ ഈ കാര്യങ്ങൾ ഒന്നും മൂന്നാമതൊരാളോട് പങ്കുവച്ചിരുന്നില്ല എന്നത് ആശ്ചര്യമാണ്. 12 വയസ്സുകാരനായ ഇളയ കുട്ടി പോലും ആരോടും ഇതേ കുറിച്ച് മിണ്ടിയിട്ടില്ല. ഇത് ഒരുപക്ഷേ കുടുംബത്തിന് ലളിതിലുള്ള വിശ്വാസം കാരണമായിരിക്കാം.
അന്വേഷണത്തിനിടെ ഇവരുടെ വീട്ടിൽ 11 ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ചതു പൊലീസിനെ കുഴപ്പിച്ചു. പതിനൊന്ന് അംഗങ്ങളെ സൂചിപ്പിക്കാനാണോ അതെന്നും, അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നോ അതെന്നും പൊലീസ് സംശയിച്ചിരുന്നു. മുൻവാതിലിന് മുകളിലുള്ള അഴികളും, അവിടെനിന്ന് കണ്ടെത്തിയ ഡയറികളും എല്ലാം പതിനൊന്നായിരുന്നു. ലളിതിന്റെ പിതാവ് ഭോപാൽ സിംഗ് സ്വാഭാവിക കാരണങ്ങളാലാണ് മരണപ്പെട്ടത്. പിതാവിന്റെ മരണശേഷം, ലളിത് വളരെ അന്തർമുഖനായിരുന്നു. താമസിയാതെ അദ്ദേഹം മരങ്ങൾക്ക് മുന്നിൽ പ്രാർത്ഥിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും തുടങ്ങി. പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്നും, ഒരു നല്ല ജീവിതം നേടാനുള്ള വഴികൾ ഉപദേശിച്ചുവെന്നും ഒരു ദിവസം അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു. പ്ലൈവുഡ് കമ്പനി നടത്തിയിരുന്ന ലളിതിന് ഇതിനിടയിൽ മരണത്തിന് പത്തുവർഷം മുമ്പു വലിയൊരു അപകടം ഉണ്ടായി. പക്ഷേ, അദ്ഭുതകരമായി അയാൾ രക്ഷപ്പെട്ടു.
ഇതും കൂടിയായപ്പോൾ കുടുംബാംഗങ്ങൾ അയാളുടെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങി. 2007 മുതൽ അയാൾ പിതാവിന്റെ "നിർദ്ദേശങ്ങൾ" അനുസരിച്ച് ഡയറി സൂക്ഷിച്ചുവന്നു. ഡയറികൾ പ്രിയങ്കയും നീതുവും എഴുതിയതാണെന്ന് കൈയ്യെഴുത്ത് വിശകലനത്തിലൂടെ വെളിപ്പെട്ടു. മരിച്ച പിതാവുമായി ആശയവിനിമയം നടത്തിയ ശേഷം ലളിതാണ് അവർക്ക് പറഞ്ഞു കൊടുത്തിരുന്നത്. 2007 സെപ്റ്റംബർ മുതൽ അവരുടെ മരണത്തിന് തൊട്ടുമുമ്പു വരെയുള്ള എല്ലാ വിവരങ്ങളും ഡയറിയിൽ എഴുതിയിരുന്നു. എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ഡയറിയിൽ വിശദമായി വിവരിച്ചിരുന്നു. അവർ ആത്മഹത്യ ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു.
പത്ത് മൃതദേഹങ്ങൾ കയറിൽ തൂങ്ങിയും, മൂത്ത കുടുംബാംഗം നാരായണി മുറിയുടെ മൂലയിൽ കഴുത്തിൽ തുണികെട്ടിയ നിലയിലുമാണ് കിടന്നിരുന്നത്. അവരുടെ കണ്ണുകൾ മൂടിയും, രണ്ട് ആൺകുട്ടികൾ ഉൾപ്പെടെയുള്ള ബാക്കിയുള്ളവർ കഴുത്തിൽ തുണി ചുറ്റിയും, വായിൽ ടേപ്പ് ഒട്ടിച്ചും, കൈകൾ കേബിളുകൊണ്ട് കെട്ടിയും, ചെവിയിൽ പഞ്ഞി തിരുകിയുമാണ് ആത്മഹത്യ ചെയ്തത്. മോക്ഷം നേടാനും പിതാവിനെ കാണാനും വേണ്ടിയാണ് പൂജയുടെ ഭാഗമായി അവർ ഇത് ചെയ്തത്. ശ്വാസംമുട്ടുന്ന നിമിഷം അച്ഛനെ കാണുമെന്നും അയാൾ അവരെ രക്ഷിക്കുമെന്നും കുടുംബം വിശ്വസിച്ചു. എന്നാൽ, ഒരാൾ പോലും രക്ഷപ്പെടാതെ എല്ലാവരും ഒരുപോലെ മരണത്തിന് കീഴ്പെട്ടു.
ഷെയേർഡ് സൈക്കോസിസ് എന്ന പ്രത്യേക മാനസികാവസ്ഥയാണു മരണകാരണമെന്ന് പൊലീസ് പറയുന്നു. എന്താണ് ഷെയേർഡ് സൈക്കോസിസ്? ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അവരുടെ നേതാവിന്റെ കൽപന അക്ഷരം പ്രതി അനുസരിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഇത്. അവർ അയാളെ നിരുപാധികമായി വിശ്വസിക്കുന്നു. എല്ലാ പ്രശ്നങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ അയാൾക്ക് സാധിക്കുമെന്ന് അവർ അടിയുറച്ച് വിശ്വസിക്കുന്നു. ഇവിടെ ആ റോൾ ലളിതിനായിരുന്നു. അയാൾ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ, തങ്ങളുടെ എല്ലാ പ്രശ്‍നങ്ങളും തീരുമെന്ന് അവർ കരുതി. അയാളോടുള്ള സ്നേഹവും, വിശ്വാസവുമാണ് മരിക്കില്ലെന്ന് കരുതിയിരുന്നെങ്കിൽ കൂടി, ആത്മഹത്യ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. മൂന്ന് വർഷം പിന്നിടുന്നുവെങ്കിലും, ഇന്നും അതോർക്കുമ്പോൾ നടുക്കം വിട്ടുമാറില്ല. അന്ധവിശ്വാസങ്ങൾ നമ്മുടെ മനസ്സുകളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നതിന്റെ ഒരു നേർചിത്രമാണ് ഈ ദുരന്തം. ഈയ്യിടെ നെറ്റ്ഫ്‌ളിക്സിൽ റിലീസ് ചെയ്ത 'ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്‌സ്' എന്ന ഡോക്യുമെന്ററി. ഈ ഡോക്യുമെന്ററിയിലൂടെ വീണ്ടും ആ സംഭവം ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്.
https://www.facebook.com/Malayalivartha