പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ബോളിവുഡിലും...

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത െ്രെഡവിംഗ് ലൈസന്‍സ് 2019ല്‍ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു.
കൊവിഡിന് ശേഷം മറ്റ് പല ഫിലിം ഇന്റസ്ട്രികളും ബഹുദൂരം മുന്നിലെത്തിയെങ്കിലും ഹിന്ദി സിനിമകള്‍ക്ക് അതിന് സാധിച്ചിരുന്നില്ല. ഒടുവില്‍ മലയാള ചിത്രം ദൃശ്യം 2വിന്റെ റീമേക്ക് വേണ്ടിവന്നു ബോളിവുഡിനെ കരകയറ്റാന്‍. അത്തരത്തില്‍ മറ്റൊരു മലയാള ചിത്രവും ബോളിവുഡില്‍ റിലീസിന് ഒരുങ്ങുകയാണ്.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്കാണ് റിലീസിനെത്തുന്നത്. 'സെല്‍ഫി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
പരസ്പരം പോരടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഇമ്രാനെയും അക്ഷയ് കുമാറിനെയും ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. വീഡിയോ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന സെല്‍ഫി 2023 ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്.
ഹിന്ദി റീമേക്കിന്റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.
തുടരെയുള്ള പരാജയങ്ങളില്‍ നിന്നും അക്ഷയ് കുമാറിന് സെല്‍ഫിയിലൂടെ കരകയറാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ട് തന്നെ ഈ വര്‍ഷം ഹിന്ദി സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്.
https://www.facebook.com/Malayalivartha