ആമീര്‍ഖാന്‍ ഡോക്ടറോ എഞ്ചിനിയറോ ആയിരുന്നെങ്കില്‍

ആമീര്‍ഖാന്‍ ഡോക്ടറോ എഞ്ചിനിയറോ ആയിരുന്നെങ്കില്‍ എന്ന് നമ്മള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ല, പക്ഷെ, അങ്ങനെ സ്വപ്‌നം കണ്ടവരുണ്ട്. മറ്റാരുമല്ല സംവിധായകന്‍ താഹിര്‍ ഹുസൈനും ഭാര്യ സീനത്തും. അവരെന്താണ് അങ്ങനെ ചിന്തിച്ചതെന്ന് ചോദിച്ചാല്‍ മക്കള്‍ക്ക് സ്ഥിരവരുമാനമുള്ള ജോലി ഏത് മാതാപിതാക്കളാണ് മോഹിക്കാത്തത്.
ആമീറിനെ ഡോക്ടറോ, എഞ്ചിനിയറോ അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റോ ആക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. കാരണം സിനിമയുടെ മോഹവലയത്തില്‍ കുടുങ്ങിയ എല്ലാവരും രക്ഷപെട്ടിട്ടില്ല. ഇന്ന് സ്റ്റാറാണെങ്കില്‍ നാളെ ഗ്രാസാകും ( എന്ന് വെച്ചാല്‍ പടങ്ങള്‍ പൊട്ടിയാല്‍ പുല്ല് വില കാണില്ലെന്ന്). ഇതെല്ലാം അറിയാവുന്ന ഒരു സംവിധായകന്‍ സ്വന്തം മകന്റെ ജീവിതം തൊലയ്ക്കാന്‍ തയ്യാറാകുമോ? വാപ്പ മാത്രമല്ല സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ അമ്മാവന്‍ നാസിര്‍ ഹുസൈനും അനന്തരവന്റെ ആക്ടിങ്ങിന് കട്ട് പറഞ്ഞിരുന്നു.
പടങ്ങള്‍ ഹിറ്റാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും കൂട്ടായ്മയും പൊട്ടി പാളീസാകുമ്പോള്‍ ഉള്ള കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുകളും ആമീറിന്റെ കുടുംബം അനുഭവിച്ചിട്ടുണ്ട്. പക്ഷെ, യുവാവായിരുന്ന ആമീറിന്റെ തലയില്‍ അതൊന്നും കേറിയില്ല. മാതാപിതാക്കള്‍ തനിക്കായി തരഞ്ഞെടുത്ത പ്രൊഫഷനുകളിലേക്ക് തിരിയാന്‍ താരത്തിന് ബുദ്ധിമുട്ടായിരുന്നു.
അതുകൊണ്ട് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ രഹസ്യമായി കോഴ്‌സിന് ചേര്‍ന്നു. മറ്റേതെങ്കിലും പ്രൊഫഷണല്‍ കോഴ്‌സിന് ചേരണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇന്നത്തേത് പോലെ ബോളിവുഡില്‍ അത്ര പണക്കിലുക്കമില്ലായിരുന്നു അന്ന്. പുതിയ ചിത്രമായ ദഡ്ഗലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആമിര്‍ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയാല്‍ തന്റെ ലോഞ്ച് മാതാപിതാക്കള്‍ക്ക് ബാധ്യതയാകരുതെന്ന് താരത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാം മറച്ച് വെച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡിപ്‌ളോമ ഫിലിമുകളില്‍ ആമിര്‍ അഭിനയിച്ച് തുടങ്ങി. അഭിനയിക്കുന്നെന്നോ, സിനിമാ മോഹമുണ്ടെന്നോ വീട്ടുകാരെ അറിയിച്ചുമില്ല. അഭിനയിക്കാന്‍ ചെല്ലുന്നിടത്തൊക്കെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞതുമില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആമിര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സുഹൃത്ത് ആദിത്യ ഭട്ടാചാര്യ സംവിധാനം ചെയ്ത പരനോയ എന്ന സൈലന്റ് ഷോര്‍ട് ഫിലിമായിരുന്നു. പരനോയയുടെ അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ബോയിയും ഒക്കെ താരം തന്നെയായിരുന്നു.
നിമിത്തങ്ങള്‍ പലരുടെയും ജീവിതത്തെ മാറ്റിമറിക്കാറുണ്ട്, ആമീറിന്റെ ലൈഫിലും അത് സംഭവിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ഷബാന ആസ്മി ആമീറിന്റെ, ഷോര്‍ട്ഫിലിമിലെ പ്രകടനം കണ്ട് കോരിത്തരിച്ചു. ഹോക്കി കളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് യുവാവായിരുന്ന ആമീര്‍ അഭിനയിക്കാന്‍ വീട്ടില്‍ നിന്ന് ചാടിയിരുന്നത്. താഹിര്‍ സാഹിബിന്റെ മകനാണ് ആമീറെന്ന് അറിഞ്ഞപ്പോള്‍ ഷബാനയുടെ സന്തോഷം വാനോളമുയര്‍ന്നു.
താഹിറിന്റെ ഖൂന്‍ കി പുകാര്‍ എന്ന സിനിമയില്‍ അവര്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബാപ്പയോട് ഇക്കാര്യം പറയുമെന്ന് ഷബാന ആസ്മി പറഞ്ഞപ്പോള്‍ ആമീര്‍ തടഞ്ഞു. ഐ മസ്റ്റ് ടെല്‍ ഹിം യൂ ആര്‍ എ ഫന്റാസ്റ്റിക് ആക്ടര്‍ എന്ന് ഷബാന ജി പറഞ്ഞപ്പോഴാണ് ആമീറിന്റെ മനസും കണ്ണും നിറഞ്ഞത്.
https://www.facebook.com/Malayalivartha