ഇനി കോടതി തീരുമാനിക്കട്ടെ

ഒന്നിക്കാനുള്ള വഴികള്‍ എല്ലാം അടഞ്ഞു ഇനി കോടതി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ പ്രശസ്ത താരങ്ങളായ ദീലീപും മഞ്ജു വാര്യരും ഇന്ന് കോടതിയില്‍. മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂണില്‍ ദിലീപ് കോടതിയെ സമീപിച്ച കേസ് ഇന്ന് എറണാകുളം കുടുംബ കോടതി പരിഗണിക്കും. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയാനായി ഇന്ന് കോടതിയിലെത്തും.
കുടുംബ ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ദിലീപും മഞ്ജു വാര്യരും വെവ്വറെയാണ് താമസിക്കുന്നത്. ദിലീപ് ആലുവയിലുള്ള തന്റെ വീട്ടിലും മഞ്ജു തൃശൂരില്‍ അച്ഛനമ്മമാര്‍ക്കൊപ്പവുമാണ് താമസിക്കുന്നത്.
വിവാഹമോചനം ആഗ്രഹിക്കുന്നതായി ഇരുവരും നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ പിരിയാന്‍ ആഗ്രഹിക്കുന്നതെന്നും കോടതി അനുവദിച്ച കൗണ്‍സിലിങ്ങില്‍ താരദമ്പതികള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മകള്‍ മീനാക്ഷിക്ക് സ്വന്തം ഇഷ്ടപ്രകാരം ആരൊടൊപ്പം വേണമെങ്കിലും താമസിക്കാമെന്നും ഇരുവരും കോടതിയെ അറിയിച്ചു കഴിഞ്ഞു.
കേസ് ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. വസ്തുവകകള്‍ വിഭജിക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളില്‍ മഞ്ജു നേരത്തെ തന്നെ തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപില്‍ നിന്നും ജീവനാംശം വാങ്ങേണ്ടെന്നു മഞ്ജു തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഏറെ കാലത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ച ഇരുവരുടെയും ദാമ്പത്യം 14 വര്‍ഷം നീണ്ടു നിന്നതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha