ടെസ്സ അരിഞ്ഞെറിഞ്ഞ ആര്‍ത്തിയുടെ അവയവ-മില്ലാത്ത സിറിള്‍ സി മാത്യു. .ആ ആറിഞ്ചല്ല എന്റെ ആണത്തമെന്ന് പറഞ്ഞ് ഹേറ്റേഴ്‌സിനെപ്പോലും അത്ഭുതപ്പെടുത്തി...മലയാള സിനിമയിലെ ഫഹദ് ഫാസിൽ മാജിക്

തോക്ക് കയ്യില്‍ വഴങ്ങുന്ന അതേ ലാഘവത്തില്‍ അയാള്‍ ക്യാമറ പിടിക്കും. നായകനും നിഷ്‌കളങ്കനും ആകുന്ന അതേ ലാഘവത്തില്‍ അയാള്‍ വില്ലനും സൈക്കോയും ആകും. എന്തിന് ഒരോ കഥാപാത്രവും എങ്ങനെ കരയുമെന്നും ചിരിക്കുമെന്നും വരെ അയാള്‍ക്ക് അറിയാം. നമുക്ക് ചുറ്റും കാണുന്ന സാധാരണക്കാരെ അസാധരാണ മികവോടെ ആവാഹിച്ചെടുക്കാനുള്ള അയാളുടെ ശേഷി അത്ഭുതപ്പെടുത്തുന്നതാണ്. അത്ര ആഴത്തില്‍ അഭിനയമെന്ന കലയെ ടെക്നിക്കലായി സമീപിക്കുന്ന- ഓരോ ഡീറ്റെയ്ലിനും പ്രാധാന്യം കൊടുക്കുന്ന നടനാണ് – ഫഹദ് ഫാസില്‍.
നെപ്പോട്ടിസം ചര്‍ച്ചകളൊക്കെ സജീവമാകുന്നതിന് ഏറെ മുന്‍പ് അച്ഛന്‍ സംവിധായകനും നിര്‍മ്മാതാവും ആയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം. അതായിരുന്നു 2002 -ല്‍ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ സച്ചിയായി എത്തുമ്പോള്‍ ഫഹദ് ഫാസിലിന്റെ അഡ്രസ്. അന്ന് ഷാനു എന്ന വിളിപ്പേരുമായി വന്ന ആ 19 കാരന് പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ചിത്രം തന്നെ വന്‍ ഫ്‌ളോപ്പായി. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതെ ഫഹദ് സ്‌ക്രീന്‍ വിട്ടു.
പഠനത്തിനായി വിദേശത്തേക്ക് പോയ ഫഹദിനെ പിന്നീട് പ്രേക്ഷകന്‍ സ്‌ക്രീനില്‍ കാണുന്നത് 2009-ലാണ്. കേരള കഫേ ആന്തോളജി സീരിസിലെ മൃത്യുഞ്ജയം എന്ന ചിത്രത്തിലൂടെയായിരുന്നു ആ മടക്കം. നായകന് വേണ്ട പക്വത പഠിച്ചുവന്ന പോലെ ഒതുക്കത്തില്‍ അയാള്‍ സ്‌ക്രീനില്‍നിന്നു. നില്‍പ്പിലും നടപ്പിലും പുത്തന്‍ ആത്മവിശ്വാസത്തോടെ ഫഹദ് തിരിച്ചെത്തിയത് വന്നുപോകാനല്ല കാലുറപ്പിക്കാനാണെന്ന് പിന്നീടുള്ള കാലം തെളിയിച്ചു.
മലയാള സിനിമ ഒരു പുതിയ തലമുറയെ വരവേല്‍ക്കുന്ന സമയമായിരുന്നു അത്. 2002-ല്‍ ആദ്യചിത്രം വിജയിച്ചിരുന്നെങ്കില്‍ അന്നത്തെ യൂത്തന്മാരായ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും ഒക്കെയാകുമായിരുന്നു ഫഹദിന്റെ തലമുറക്കാര്‍. എന്നാല്‍ 2009-ലെ മടക്കത്തില്‍ ഒപ്പം നില്‍ക്കാന്‍ കൂടുതല്‍പേരുണ്ടായിരുന്നു. ആസിഫ് അലി, നിവിന്‍ പോളി, എന്നിവരില്‍ തുടങ്ങി പിന്നാലെയെത്തിയ ദുല്‍ഖറും ടൊവിനോയും വരെ നീളുന്ന നിരയ്ക്ക് ഒപ്പമാണ് ഫഹദ് -തന്റെ രണ്ടാം അംഗം തുടങ്ങിയത്.
ആ ഓട്ടപ്പാച്ചിലില്‍ മറ്റാരേക്കാളും മുന്നിലോടുന്ന ഫഹദിനെയാണ് പിന്നീട് കണ്ടത്. തിരിച്ചെത്തി രണ്ടാം വര്‍ഷം 2011-ല്‍ ചാപ്പാക്കുരിശിലെ അര്‍ജുനായി മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടി ഫഹദ്. തൊട്ടടുത്ത വര്‍ഷം മൂന്ന് ഹിറ്റുകള്‍ പിറന്നു. അതില്‍ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ വില്ലന്‍വേഷമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ടെസ്സ അരിഞ്ഞെറിഞ്ഞ ആര്‍ത്തിയുടെ അവയവ-മില്ലാത്ത സിറിള്‍ സി മാത്യു. ആ ആറിഞ്ചല്ല എന്റെ ആണത്തമെന്ന് പറഞ്ഞ സിറിള്‍ സി മാത്യു. ഹേറ്റേഴ്‌സിനെപ്പോലും അത്ഭുതപ്പെടുത്തിയ പ്രകടനമെന്ന് സംശയമില്ലാതെ പറയാം അതിനെ. ചിത്രത്തിന്റെ ക്ലെെമാക്സിന് തന്നെ പ്രത്യേക ഫാന്‍ബേസുണ്ടായിരുന്നു.
ആ വര്‍ഷത്തെ മറ്റുരണ്ട് പ്രധാന റിലീസുകള്‍ ഡയമന്‍ഡ് നെക്ലസും ഫ്രൈഡേയുമായിരുന്നു. തന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകളോടും ആത്മാര്‍ത്ഥത കാണിക്കാനാവാത്ത- മെറ്റീരിയലിസ്റ്റിക്കായ- ലോജിക്കലായ ഡയമണ്‍ഡ് നെക്ലസിലെ അരുണ്‍. ഫ്രൈഡേയിലെ ആലപ്പുഴക്കാരന്‍ ഓട്ടോ ഡ്രൈവറായ ബാലു- ഒരേ കാലഘട്ടത്തില്‍ -രണ്ട് ദ്രുവങ്ങളില്‍പ്പെട്ട മനുഷ്യരെ പൂര്‍ണ്ണതയോടെ സ്‌ക്രീനിലെത്തിച്ചു ഫഹദ്. ഇതിനകം പരീക്ഷണചിത്രങ്ങളുടെ മെയിന്‍ ഫോര്‍മുലകളിലൊന്നായി ഫഹദ് മാറിയിരുന്നു.
കൊച്ചിയുടെ നഗരവീഥികളിലൂടെ അന്നയ്ക്ക് പിന്നാലെ നടന്ന റസൂലും- ശോശന്നയുടെ മുന്നില്‍ മാത്രം ക്ലാര്‍നറ്റ് വായിക്കാന്‍ ധൈര്യമുള്ള ആമേനിലെ സോളമനും പിറന്നത് ഇക്കാലയളവിലാണ്. മലയാളി മറക്കാത്ത രണ്ട് പ്രണയികളായിരുന്നു ഇരുവരും. ഒരാള്‍ തന്റെ പ്രണയവും നാടും തിരിച്ചുപിടിച്ചപ്പോള്‍ മറ്റൊരാള്‍ രണ്ടും നഷ്ടപ്പെട്ട് വിദൂരതയില്‍ മറഞ്ഞു. അന്നയും റസൂലും എന്ന ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ഫഹദിന്റെ കണ്ണുകള്‍ പോലും അഭിനയിക്കുകയായിരുന്നു. സിറ്റുവേഷനെ തീവ്രതയോടെ പകര്‍ത്തിയ ഫഹദ് എന്ന നടന്റെ ബോഡി ലാംഗ്വേജ് വലിയ അഭിനന്ദനമാണ് ഏറ്റുവാങ്ങിയത്.
വിജയ സാധ്യതയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഓരോ കഥയിലും വ്യത്യസ്തത തിരയുന്ന ഫഹദ് ഫാസില്‍-സ്റ്റാര്‍ഡത്തിനപ്പുറം സാധ്യതകളെ തിരയുന്ന നടനാണെന്ന് പറയാം. 2018-ല്‍ റിലീസായ കാര്‍ബണ്‍ അതിന് ഒരു മികച്ച ഉദാഹരണമാണ്. ആ വര്‍ഷം തന്നെയാണ് വരത്തനിലൂടെ സ്റ്റെലിഷ് നായകനിലേക്കുള്ള തിരിച്ചുവരവും ഫഹദ് നടത്തിയിരുന്നു.
എന്നാല്‍ 2019-ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ വില്ലന്‍ ഷമ്മിയാണ് പ്രേക്ഷകനെ യഥാർത്ഥത്തില്‍ ഞെട്ടിച്ചത്. താന്‍ മറ്റാരേക്കാളും മാന്യനാണെന്ന് കരുതുന്ന അയാള്‍ക്ക് നമുക്കിടയില്‍ കാണാവുന്ന പലരുമായി സാമ്യമുണ്ടായിരുന്നു. അതിന് പിന്നാലെ രണ്ട് സൈക്കോ നായകവേഷങ്ങളും എത്തി. 2020-ല്‍ റിലീസായ ട്രാന്‍സും. അതില്‍ ട്രാന്‍സ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ്. ആത്മീയ വ്യാപാരത്തെയും- വ്യാജ ആള്‍ദൈവങ്ങളെയും പ്രതികൂട്ടില്‍ നിര്‍ത്തിയ ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് അത്തവണ മികച്ചനടനുള്ള പുരസ്‌കാരം നേടുമെന്ന് വരെ പ്രവചിക്കപ്പെട്ടിരുന്നു.
സിനിമാ ലോകം പകച്ചുനിന്ന കൊവിഡ് കാലത്താണ് ഫഹദിന്റെ കരിയറിലെ രണ്ടാം പകുതി ആരംഭിക്കുന്നത് എന്നുപറയാം. അക്കാലത്ത് ഒടിടിയെ ഏറ്റവും സജീവമായി ഉപയോഗിച്ച നടന്‍ ഫഹദ് ഫാസിലാണ്. ലോക്ഡൗണ്‍ സിനിമയായ സി യൂ സൂണ്‍- മുതലിങ്ങോട്ട് ഭൂരിഭാഗം ഫഹദ് ചിത്രങ്ങളും ഒടിടി റിലീസുകളായിരുന്നു.
സിനിമാമേഖല ഏതാണ്ട് സ്തംഭിച്ചുനിന്ന ഘട്ടത്തിലാണ് 2020 സെപ്റ്റംബറില്‍ മഹേഷ് നാരായണല്‍ -ഫഹദ് ചിത്രം സീ യൂ സൂണ്‍ റീലീസാകുന്നത്. ഇന്ത്യയുടെ ലോക്ഡൗണ്‍ സിനിമ എന്ന് ബിബിസി വിശേഷിപ്പിച്ച സി യൂ സൂണ്‍ ഐഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഇതിന് പുറമെ ഇന്ത്യയിലെ തന്നെ ആദ്യ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ചിത്രം എന്ന റെക്കോര്‍ഡും സീ യൂ സൂണിന് സ്വന്തമാണ്.
എടുത്ത് പറയാവുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍ ജോജിയും മാലിക്കുമാണ്. ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ജോജി ഷേക്സ്പിയറിന്റെ മാക്ബെത്തുമായി വരെ താരതമ്യം ചെയ്യപ്പെട്ടിരുന്നു. ദിലീഷ് പോത്തന്‍ ചിത്രത്തില്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ട കുതിരയെപ്പോലെ വിഷാദഭാവം മൂടിയ കഥാപാത്രമായിരുന്നു ഫഹദിന്റേത്. അതേവര്‍ഷം ജൂലൈയില്‍ റിലീസായ മാലിക്കും ഈ ഹൈപ്പിനൊത്ത് പ്രതികരണം നേടിയ ചിത്രമാണ്. 2009-ലെ ഭീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രത്തിലെ- അഹമ്മദലി സുലൈയ്മാന്‍ സിനിമയ്ക്ക് അപ്പുറം ചര്‍ച്ചചെയ്യപ്പെട്ടു.
https://www.facebook.com/Malayalivartha